- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജകൊട്ടാരം ഉപേക്ഷിച്ച് പോയ ഹാരിക്ക് വല്യപ്പനെ കാണാൻ വരാതിരിക്കാനാവില്ല; ഞാൻ എങ്ങോട്ടുമില്ലെന്ന് പറഞ്ഞ് മേഗൻ; ചാൾസിനോടും ബന്ധുക്കളോടും ഫോണിൽ സങ്കടം പറഞ്ഞ് ഹാരി രാജകുമാരൻ
ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ബ്രിട്ടനിലെത്തുന്നതിനു മുൻപായി ഹാരി രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ, ഗർഭിണിയായ മേഗൻ ബ്രിട്ടനിലേക്ക് വരുന്നില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൊട്ടരമുപേക്ഷിച്ചു പോയതിനു ശേഷമുള്ള ആദ്യ വരവിനുള്ള തയ്യാറെടുപ്പുകൾ ഹാരി നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവാദ അഭിമുഖത്തിന് ശേഷമുള്ള ആദ്യ യാത്രയും കൂടിയാണിത്.
യത്രയ്ക്ക് തയ്യാറെടുക്കും മുൻപേ ചാൾസ് രാജകുമാരൻ, ബിയാട്രീസ്, യൂജിനി എന്നിവരുമായി ഹാരി സംസാരിച്ചതായി ചില വിശ്വസനീയ കേന്ദ്രങ്ങൾ അറിയിച്ചു. തന്റെ ബന്ധുക്കൾക്കൊപ്പം ഇരിക്കുവാൻ ഹാരി ആഗ്രഹിക്കുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കായി ഒരുക്കങ്ങളും ആരംഭിച്ചു. ഹാരിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നേരത്തേ തങ്ങളുടേ ആർച്ച്വെൽ വെബ്സൈറ്റിലൂടെ ഫിലിപ്പ് രാജകുമാരന് ഹാരിയും മേഗനും അന്തിമോപചാരം അർപ്പിച്ചിരുന്നു. എല്ലാ സേവനങ്ങൾക്കും നന്ദി. ഈ വേർപാട് ഒരു തീരാനഷ്ടം തന്നെയാണ് എന്നായിരുന്നു അതിൽ അവർ പോസ്റ്റ് ചെയ്തത്. വെറും 21 വാക്കുകൾ മാത്രമുള്ള പോസ്റ്റ് പേജ് മുഴുവൻ നിറയുന്ന രീതിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഓപ്ര വിൻഫ്രിയുടെ വിവാദ അഭിമുഖം നൽകിയ മുറിവുകൾ ഇനിയുമുണങ്ങാതെ നിൽക്കുന്ന സാഹചര്യത്തിൽ ഹാരിയുടെ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് അതീവ പ്രാധാന്യമുണ്ട്. അടുത്തയാഴ്ച്ച സെയിന്റ് ജോർജ്ജ് ചാപ്പലിൽ നടക്കുന്ന അന്ത്യകർമ്മങ്ങളിൽ ഹാരി പങ്കെടുക്കും. ഗർഭിണിയായതിനാൽ മേഗൻ യാത്ര ഒഴിവാക്കും എന്നാണറിയുന്നത്. ലോസ് ഏഞ്ചലസിൽ നിന്നും ഒരു സ്വകാര്യ ജറ്റ് വിമാനത്തിലായിരിക്കും ഹാരി എത്തുക. അമേരിക്കയിൽ നിന്നുമെത്തുന്നവർക്കുള്ള ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഹാരിക്ക് ഇളവ് നൽകിയേക്കും.
എന്നിരുന്നാലും, അമേരിക്കയിൽ നിന്നും യാത്ര തിരിക്കുന്നതിനു മുൻപും ബ്രിട്ടനിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധനക്ക് വിധേയനാകണം. 10 ദിവസത്തെ ക്വാറന്റൈൻ ഒഴിവായി കിട്ടുമെന്നു മാത്രം. ബ്രിട്ടനിൽ ഉള്ളപ്പോൾ ഹാരി എവിടെയായിരിക്കും താമസിക്കുക എന്നോ സംസ്കാര ചടങ്ങുകൾക്ക് ശേഷം എത്രനാൾ കൂടി ഇവിടെ തങ്ങുമെന്നോ ഇനിയും വ്യക്തമായിട്ടില്ല. വിവാദ അഭിമുഖത്തിനു ശേഷം സഹോദരൻ വില്യം രാജകുമാരനുമായും അച്ഛൻ ചാൾസ് രാജകുമാരനുമായും ഹാരിയുടെ ബന്ധം വഷളായിരിക്കുകയാണ്. എന്നിരുന്നാലും തന്റെ കൊച്ചുമക്കളെല്ലാം ഒന്നിച്ചുണ്ടാകണമെന്നാണ് എലിസബത്ത് രാജ്ഞി ആഗ്രഹിക്കുന്നത്.
മേഗനും കൂടെയുണ്ടെങ്കിൽ, കുടുംബ പ്രശ്നം പരിഹരിക്കാൻ ബുദ്ധിമുട്ടാകും എന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. പ്രത്യേകിച്ച്, കേയ്റ്റ് തന്നെ കരയിച്ചു എന്ന് മേഗൻ അഭിമുഖത്തിൽ പറഞ്ഞതിനു ശേഷം. ഹാരി എല്ലാ പ്രശ്നങ്ങളും തീർത്ത് ബ്രിട്ടനിൽ മടങ്ങിയെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നു. തന്റെ മുത്തശ്ശിയുമായി വളരെ അടുത്ത ബന്ധമാണ് ഹാരിക്കുള്ളത്. ജൂണിൽ ഫിലിപ്പ് രാജകുമാരന്റെ നൂറാം പിറന്നാൾ ആഘോഷവേളയിൽ ബ്രിട്ടനിലെത്താനായിരുന്നു നേരത്തേ ഹാരി തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇപ്പോഴുണ്ടായ ഈ മരണം പ്രതീക്ഷിച്ചതിലും നേരത്തേ വില്യമിനേയും ഹാരിയേയും നേർക്കുനേർ എത്തിച്ചിരിക്കുകയാണ്. ഇത് ഇവർക്കിടയിലെ സംഘർഷത്തിന് അയവ് വരുത്തുമെന്നാണ് മറ്റ് രാജകുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, അഭിമുഖത്തിലൂടെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച അനുജനോടുള്ള വില്യമിന്റെ സമീപനം എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാൻ പോലുമാകുന്നില്ല.
മറുനാടന് ഡെസ്ക്