ലണ്ടൻ: മെയ് 9ന് ബ്രിട്ടണിൽ നടക്കുന്ന ഹാരി-മേഗൻ വിവാഹം തീർത്തും സ്വകാര്യ ചടങ്ങായാണ് നടത്താൻ ഉദ്ദേശിക്കുന്നത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രം പ്രവേശനം ഉള്ള വിവാഹച്ചടങ്ങിലേക്ക് രാജ്യതലവന്മാരെയൊന്നും വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ ഹാരി രാജകുമാരന്റെ സുഹൃത്തായ മുൻ യുഎസ് പ്രസിഡന്റ് ഒബാമയെ വിവാഹക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ഗതികേടിലാണ് രാജകുടുംബം. ഒബാമയെ വിളിക്കുകയാണെങ്കിൽ സ്വാഭാവികമായും നിലവിലുള്ള യുഎസ് പ്രസിഡന്റ് ട്രമ്പിനേയും ക്ഷണിതാക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം. ട്രമ്പ് സുഹൃത്തുക്കളുടെ ലിസ്റ്റിൽ ഇല്ലാത്തതിനാൽ ഇരുവരേയും ഒഴിവാക്കിക്കൊണ്ടാണ് രാജവിവാഹം നടക്കുന്നു.

ബ്രിട്ടണും അമേരിക്കയുമായുള്ള ബന്ധത്തിന് വിള്ളലേക്കാതിരിക്കാനാണ് ഇത്തരത്തിൽ ഒബാമയേയും ട്രമ്പിനേയും ഒരുമിച്ച ഒഴിവാക്കിക്കൊണ്ട് ക്ഷണിതാക്കളുടെ ലിസ്റ്റ് രാജകുടുംബം തയാറാക്കുന്നത്. ഹാരി-മേഗൻ വിവാഹം ഒരു ഔദ്യോഗിക ചടങ്ങല്ല. ഒബാമയെ ക്ഷണിച്ചാൽ അത് പ്രസിഡന്റ് ട്രമ്പിനെ ആക്ഷേപിക്കുന്നത് തുല്യമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയാൻ ആഗ്രഹിക്കുന്നില്ലെന്ന രാജകുടുംബത്തിന്റെ വക്താവ് വെളിപ്പെടുത്തുന്നു.

അടുത്ത മാസം ബ്രിട്ടണിലേക്ക് ട്രമ്പ് നടത്താനിരുന്ന സന്ദർശം മറ്റുചില കാരണങ്ങൾ കൊടുത്ത് റദ്ദാക്കിയിരുന്നു. പ്രസിഡന്റായി ചുമതലയേറ്റശേഷം ബ്രിട്ടണിലേക്ക് ട്രമ്പ് ആദ്യമായി നടത്താനിരുന്ന സന്ദർശനമാണ് റദ്ദാക്കിയത്. നിലവിലുള്ള സാഹചര്യത്തിൽ വിവാഹക്ഷണത്തിൽ വേർതിരിവു കാട്ടിയാൽ അത് ഏറെ പ്രശ്‌നങ്ങൾക്ക് വഴി തെളിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മാസം റേഡിയോ 4-ന്റെ ഒരു ഷോയിൽ ഗസ്റ്റ് എഡിറ്ററായിരുന്ന ഹാരിയോട് വിവാഹത്തിന് ഒബാമയെ ക്ഷണിക്കുന്നുണ്ടോയെന്ന് ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഹാരിയുടെ മറുപടി. ഇതുവരെ ക്ഷണിതാക്കളുടെ ലിസ്റ്റ് തയാറാക്കിയിട്ടില്ലെന്നും ആരെയൊക്കെ ക്ഷണിക്കുന്നുണ്ടെന്നും ഇല്ലെന്നും അറിയില്ലെന്നും ഹാരി വെളിപ്പെടുത്തി.