ഹാരിയോടും മേഗനോടും ഏറെ ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്ന ഫിലിപ്പ് രാജകുമാരൻ, പക്ഷെ ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തെ ഒരു ഭ്രാന്തായി ആണ് വിശേഷിപ്പിച്ചത്. അതുകൊണ്ട് ആർക്കും ഒരു നല്ലകാര്യവും വരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുമാത്രമല്ല, രാജപദവികൾ ഉപേക്ഷിച്ച് പോകാനുള്ള കൊച്ചുമകന്റെ തീരുമാനവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇപ്രകാരം ചെയ്യുക വഴി അവർക്കോ രാജ്യത്തിനോ നന്മ ലഭിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും ഇത് ഹാരിയുടെ ജീവിതമാണ്, തീരുമാനമെടുക്കേണ്ടത് ഹാരിയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ഗെയ്ൽസ് ബ്രാൻഡെർത്താണ് ഇക്കാര്യം പങ്കുവച്ചത്. ഇത്തരം കാര്യങ്ങളിലൊന്നും ഫിലിപ്പ് രാജകുമാരൻ കാര്യമായി പ്രതികരിച്ചില്ല എന്ന വാർത്ത പുറത്ത് പ്രചരിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഗെയ്ൽസ് എത്തുന്നത്. ഗെയ്ൽ ബ്രാൻഡെർത്ത് പറയുന്നത് ഹാരിയും മെഗനും വടക്കെ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചത് സാമ്പത്തിക സ്വാശ്രയത്വം ഉന്നം വച്ചായിരുന്നത്രെ. നോർത്ത് അമേരിക്കയിലും ബ്രിട്ടനിലുമായി ശിഷ്ടകാലം കഴിച്ച് അവരുടെതായ രീതിയിൽ രാജ്ഞിയേയും കോമൺവെൽത്തിനേയും സേവിക്കാമെന്നും അവർ വിചാരിച്ചു.

എന്നാൽ, ചാൾസിന്റെയും വില്യമിന്റെയും സ്വാധീനത്തിനു വഴങ്ങി രാജ്ഞി ഇത് സാധ്യമല്ല എന്ന് തീർത്തു പറയുകയായിരുന്നു. ഇതോടെയാണ് ഹാരിക്കും മേഗനും ഔദ്യോഗിക പദവികൾ എല്ലാം ഒഴിയേണ്ടി വന്നതും എച്ച് ആർ എച്ച് എന്ന പദവിനാമം ഉപയോഗിക്കാൻ സാധിക്കാതെ വന്നതും. എലിസബത്ത് രാജ്ഞിയെപ്പോലെ ഫിലിപ്പ് രാജകുമാരനും ഇതിൽ ഏറെ ദുഃഖമുണ്ടായിരുന്നു. തന്റെ പിൻഗാമിയായി റോയൽ നേവിയിൽ സേവനമനുഷ്ഠിച്ച കൊച്ചുമകനോട് ഫിലിപ്പിന് പ്രത്യേക സ്നേഹമുണ്ടായിരുന്നു. ഫിലിപ്പ് 34 വർഷത്തോളം സേവനമനുഷ്ഠിച്ചപ്പോൾ ഹാരി സേവനമനുഷ്ഠിച്ചത് വെറും 30 മാസങ്ങൾ മാത്രമായിരുന്നു എന്നോർക്കണം.

ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖം വരാൻ പോകുന്നകാര്യം അറിഞ്ഞ് അദ്ദേഹം ഏറെ വിഷമിച്ചിരുന്നതായി ബ്രാൻഡെർത്ത് പറയുന്നു. അഭിമുഖം നൽകു എന്നാൽ ഒരിക്കലും സ്വന്തം വ്യക്തിപരമായ കാര്യങ്ങൾ പരാമർശിക്കരുത് എന്നായിരുന്നു ഫിലിപ്പ് രാജകുമാരൻ തന്റെ മക്കൾക്ക് നൽകിയിരുന്ന ഉപദേശം. അതുതന്നെ അദ്ദേഹം തന്റെ കൊച്ചുമക്കൾക്കും നൽകിയിരിക്കുമെന്നാണ് ബ്രാൻഡെർത്ത് പറയുന്നത്.

അതുപോലെ ഫിലിപ്പ് രാജകുമാരന് മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു ഡയാന രാജകുമാരി. രാജകൊട്ടാരത്തിനകത്ത് തന്നെ മനസ്സിലാക്കിയ ഏക വ്യക്തി എന്നാണ് ഡയാന തന്റെ ഭർത്തൃപിതാവിനെ കുറിച്ചു പറഞ്ഞിട്ടുള്ളത്. എത്ര സ്ത്രീകൾ തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ ഭർത്തൃപിതാവുമായി ചർച്ച ചെയ്യും എന്ന് ഒരിക്കൽ അവർ തന്റെ സുഹൃത്തുക്കളോട് ചോദിക്കുക പോലും ഉണ്ടായി.

രാജ്ഞിയുടെ ഭർത്താവ് എന്ന നിലയിൽ, കുടുംബത്തിൽ കർക്കശക്കാരനായിരുന്നെങ്കിലും ഫിലിപ്പ് രാജകുമാരൻ കൊട്ടാരത്തിനപ്പുറമുള്ള ജീവിതം ധാരാളം കാണുകയും മനസ്സിലാക്കുകയും ചെയ്ത വ്യക്തിയായതിനാൽ കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെയായിരുന്നു പെരുമാറിയിരുന്നത്. മറ്റുള്ളവരുടെ വാക്കുകൾ എപ്പോഴും ശ്രദ്ധയോടെ കേള്ക്കുമായിരുന്ന രാജകുമാരൻ അവയിൽ നല്ലത് സ്വീകരിക്കാനും മടിച്ചിരുന്നില്ല. ഡയാന രാജകുമാരിയോട് ഏറെ ഇഷ്ടമുണ്ടായിരുന്നെങ്കിലും, തെറ്റുകൾ കണ്ട ചില സമയങ്ങളിൽ അവർക്കെതിരെ കയർക്കാനും അദ്ദേഹം മടിച്ചില്ല.