റിയാദ്: നാലു പതിറ്റാണ്ട് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പദവി അലങ്കരിച്ച സൗദ് അൽ ഫൈസൽ രാജകുമാരൻ അന്തരിച്ചു. 75 വയസായിരുന്നു. ഇന്നലെ രാത്രി  ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ വിദേശനയ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച രാജകുടുംബാംഗമാണ് സൗദ്. പുറംവേദനക്ക് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ശനിയാഴ്‌ച്ച ഇശാ നമസ്‌കാരാനന്തരം മക്കയിൽ ഖബറടക്കം നടക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.

1940 ജനുവരി 2ന് ഫൈസൽ രാജാവിന്റെയും ഇഫാത്ത് അൽ തുനായന്റെയും രണ്ടാമത്തെ മകനായി ജനിച്ചു.  പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്ന് 1963-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സൗദ് പിതാവ് ഫൈസൽ രാജാവിന്റെ ഭരണകാലത്ത് 1964ൽ പെട്രോളിയം മിനറൽ വകുപ്പിൽ സാമ്പത്തികോപദേഷ്ടാവായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 1975-ൽ അന്നത്തെ ഭരണാധികാരി ഖാലിദ് രാജാവാണ് സൗദിനെ വിദേശകാര്യ ചുമതല ഏൽപ്പിച്ചത്. തുടർന്ന് 2015 വരെ 40 വർഷം നീണ്ടകാലം വിദേശമന്ത്രി പദത്തിലിരുന്നു. ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചയാളാണ് സൗദ് അൽ ഫൈസൽ രാജകുമാരൻ.

സൗദി അറേബ്യയുടെ നാലു രാജാക്കന്മാർക്കു കീഴിൽ പ്രവർത്തിച്ച വ്യക്തിയാണ് രാജകുമാരൻ. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ്, ഹിബ്രു ഭാഷകളിൽ അവഗാഹമുള്ള ബഹുഭാഷാ പണ്ഡിതനാണ് അദ്ദേഹം. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ സഹോദരനാണ്.