ചാൾസും ഡയാനയും തമ്മിലുള്ള ബന്ധത്തിലെ താളപ്പിഴകളും ശ്രുതിഭംഗങ്ങളും ബ്രിട്ടീഷ് രാജകുടുംബത്തിന് എന്നും പേര് ദോഷമുണ്ടാക്കുകയും ചെയ്തിരുന്നു. ഡയാനയുടെ മരണം സംഭവിച്ച് 20 വർഷങ്ങൾ കഴിഞ്ഞിട്ടും ആ ബന്ധത്തിലെ വിള്ളലുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കൊട്ടാരത്തിന് ഇപ്പോൾ വീണ്ടും കൊട്ടാരത്തിന് തലവേദനയുണ്ടാക്കിയിരിക്കുകയാണ്. വിവാഹത്തിന്റെ അന്ന് തന്നെ ഇടനാഴികളിൽ താൻ കാമിലയെ തിരഞ്ഞിരുന്നുവെന്നും ഒരാഴ്ച തികയും മുമ്പ് കൈത്തണ്ട മുറിച്ച് മരിക്കാൻ ആലോചിച്ചിരുന്നുവെന്നുമുള്ള ഡയാനയുടെ വിവാദ ടേപ്പുകൾ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ചാൾസ് വിവാഹിതനായത് കാമുകി കാമിലയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടായിരുന്നുവെന്നും അതിനാൽ വിവാഹബന്ധത്തിൽ തുടക്കത്തിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഡയാന അന്ന് തന്നെ രഹസ്യമായി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. എഴുത്തുകാരനും പിന്നീട് ഡയാനയുടെ ജീവചരിത്രകാരനുമായ ആൻഡ്രൂ മോർട്ടന് ഡയാന രഹസ്യമായി ഈ ടേപ്പുകൾ കൈമാറുകയും അദ്ദേഹം ആ റെക്കോർഡിംഗുകൾ പുസ്തകരൂപത്തിലാക്കി ' ഡയാന; ഹെർ ട്രൂ സ്റ്റോറി' എന്ന പേരിൽ 1993ൽ പുറത്തിറക്കുകയും ചെയ്തിരുന്നു. ആ പുസ്തകം ഇപ്പോൾ പുനപ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡയാനയുടെ പൊള്ളുന്ന വെളിപ്പെടുത്തലുകൾ വീണ്ടും രാജകുടുംബത്തെ വീർപ്പ് മുട്ടിക്കാൻ തുടങ്ങിയിരിക്കുന്നത്.

1981 ജൂലൈ 27ന് ചാൾസും താനുമായുള്ള വിവാഹദിവസത്തിൽ തന്നെ വലച്ച ചിന്തകളെ കുറിച്ചുള്ള ഡയാനയുടെ വിവരണമാണിപ്പോൾ വീണ്ടും വൻ വാർത്തയായിരിക്കുന്നത്. അന്ന് നിരവധി ക്യാമറകൾ തങ്ങളുടെ വിവാഹമെന്ന ചരിത്ര മുഹുർത്തം പകർത്താൻ തയ്യാറായി നിന്നപ്പോഴും ചാൾസും കാമിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോർത്ത് താൻ അസ്വസ്ഥയായിരുന്നുവെന്നാണ് ഡയാന പറയുന്നത്. അതോർത്ത് താൻ കരച്ചിലിനെ അടക്കാൻ പാടുപെട്ടിരുന്നുവെന്നും രാജകുമാരി പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചിന്തകൾ ചാൾസുമായുള്ള എൻഗേജ്മെന്റ് വേളയിലും തന്നെ വലച്ചിരുന്നുവെന്ന് ഡയാന വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹ വേളയിൽ തേങ്ങിപ്പോകാതിരിക്കാനും കൂടുതൽ പക്വത പ്രകടിപ്പിക്കാനും താൻ മനഃപൂർവം ശ്രമിച്ചിരുന്നു. എന്നാൽ പലപ്പോഴും തനിക്കതിന് കഴിയുകയോ ഇതിനെക്കുറിച്ച് മറ്റാരോടെങ്കിലും പങ്ക് വയ്ക്കാൻ സാധിക്കുകയോ ചെയ്തിരുന്നില്ല. ക്ലാറൻസ് ഹൗസിലേക്ക് പോകുന്നതിന് മുമ്പ് ചാൾസ് തന്നെ പ്രൗഢമായ മോതിരം അണിയിച്ചിരുന്നു. വിവാഹരാത്രിയിൽ കാമിലയെക്കുറിച്ചോർത്തുള്ള ടെൻഷൻ കാരണം താൻ വാരിവലിച്ച് ഭക്ഷിച്ചിരുന്നുവെന്നും ഇത് കണ്ട് തന്റെ സഹോദരി ജാനെ അത്ഭുതപ്പെട്ടിരുന്നുവെന്നും ഡയാന ഓർക്കുന്നു. അന്ന് ഡയാനക്ക് തുണയായി ജാനെ ക്ലാറൻസ് ഹൗസിൽ താമസിച്ചിരുന്നു.

അവിടെ അന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായിരുന്നില്ലെന്നും താൻ ഒരു തത്തയെ പോലെ രോഗാതുരയായിരുന്നുവെന്നും ഡയാനം ടേപ്പിലൂടെ വെളിപ്പെടുത്തുന്നു. അവിടെ എന്താണ് നടക്കുന്നതെന്നതിനെ കുറിച്ച് തനിക്ക് സൂചനകളുണ്ടായിരുന്നു. എന്നാൽ പിറ്റേന്ന് ആദ്യരാത്രിക്ക് ശേഷം താൻ വളരെ ശാന്തയായിട്ടായിരുന്നു രാവിലെ അഞ്ചിന് ഉണർന്നെഴുന്നേറ്റിരുന്നത്. താൻ വളരെ വളരെ ശാന്തയായിരുന്നുവെന്നും അറക്കാൻ കൊണ്ടു പോകുന്ന ആടിനെ പോലെ എല്ലാവരും പറയുന്നത് താൻ എതിർപ്പില്ലാതെ അനുസരിക്കുന്ന അവസ്ഥയിലായിരുന്നു ആ പ്രഭാതത്തിലെന്നും ഡയാന വെളിപ്പെടുത്തുന്നു.

താൻ ചാൾസിനെ വളരെയേറെ സ്നേഹിച്ചിരുന്നുവെന്നും ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയായി കണക്കാക്കിയിരുന്നുവെന്നും ഡയാന വെളിപ്പെടുത്തുന്നു. എന്നാൽ മധുവിധു ആഘോഷത്തിന്റെ വേളകളിൽ പോലും കാമിലയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അത് ചാൾസിന്റെ ശ്രദ്ധ പലപ്പോഴും തന്നിൽ നിന്നും തിരിച്ചിരുന്നുവെന്നും രാജകുമാരി ടേപ്പിലൂടെ വെളിപ്പെടുത്തുന്നു. ബക്കിങ്ഹാം പാലസിലെത്തിയപ്പോഴും തനിക്ക് എവിടെയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും പലയിടങ്ങളിലും അലഞ്ഞ് നടന്നിരുന്നുവെന്നും ഡയാന വെളിപ്പെടുത്തുന്നു. അന്നത്തെ ദിവസം ചാൾസിനൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ കൊട്ടാരത്തിന്റെ ബാൽക്കണിയിലിരുന്നപ്പോൾ പരസ്പരം സംസാരിച്ചിരുന്നില്ലെന്നും കാമില തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി സൃഷ്ടിച്ചിരുന്നുവെന്നും ഡയാന വേദനയോടെ ചുരുളഴിക്കുന്നു.