കൊച്ചി: യുവതാരം എന്ന ലേബലിൽ നിന്ന് മാറി സൂപ്പർ താരത്തിലേക്ക് കുതിക്കുന്ന പൃഥ്വിരാജിന് മകളെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്. മകൾ അലംകൃതയുടെ ചിത്രങ്ങൾ പക്ഷേ അതികമൊന്നും പുറത്ത് വന്നിരുന്നില്ല. കുഞ്ഞിന്റെ ചിത്രം മൂന്നാം പിറന്നാൾ ദിനത്തിലാണ് പൃഥ്വി പുറത്തുവിട്ടത്.മകൾക്ക് സ്‌കൂളിൽ പോകുന്നത് വലിയ ഇഷ്ടമാണ് എന്നും രാവിലെ ബെഡിൽ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ സ്‌കൂളിന്റെ കാര്യം പറഞ്ഞാണ് എന്നും പൃഥ്വി പറയുന്നു.

പൃഥ്വിയുടെ വാക്കുകൾ:

അലംകൃതയ്ക്ക് സ്‌കൂളിൽ പോകുന്നത് ഇഷ്ടമാണ്. രാവിലെ ബെഡിൽ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ സ്‌കൂളിന്റെ കാര്യം പറഞ്ഞാണ്. ഇനിയും എണീറ്റില്ലെങ്കിൽ സ്‌കൂളിൽ വിടില്ല എന്നു പറഞ്ഞാൽ അപ്പോൾ തന്നെ ചാടിയെണീക്കും. സ്‌കൂളിൽ കുറേ കൂട്ടുകാർ ഉണ്ട്. ചിലരുടെ പേരൊക്കെ പറയാറുണ്ട്. ഇവളുടെ പ്രകൃതം വെച്ച് സ്‌കൂളിൽ അടിപിടിയുണ്ടാകേണ്ടതാണ്. ഇതുവരെ പരാതിയൊന്നും വന്നിട്ടില്ല.

എല്ലാ വീട്ടിലും പോലെ അമ്മ സ്ട്രിക്ടും അച്ഛൻ സോഫ്ട് ടൈപ്പും ആണ്. ഇവിടെയും അതുപോലെ തന്നെ. ഞാൻ വീട്ടിൽ വരാറുള്ളപ്പോഴാണ് അവൾക്ക് കുസൃതി കൂടുന്നതെന്ന ധാരണ വീട്ടുകാർക്ക് ഉണ്ട്. അമ്മ പറഞ്ഞിട്ടുണ്ട് എന്നെ കണ്ടാൽ അവൾക്ക് പേടിയാണെന്ന്. പക്ഷേ, ആ പേടി ഞാൻ കാണുന്നില്ല.

എല്ലാ പരാതികളും പറയുന്നത് അമ്മയോടാണ്. ഡാഡ വഴക്കുപറഞ്ഞു, മമ്മ അതുചെയ്തു ഇതു ചെയ്തു, എല്ലാവർക്കും അടികൊടുക്കൂ എന്നൊക്കെ അവൾ അമ്മയോട് പറയും.