എന്നു നിന്റെ മൊയ്തീനിലെ താൻ സൃഷ്ടിച്ച പാട്ടുകൾ മാറ്റുന്നതിനായി പൃഥ്വിരാജ് ശ്രമിച്ചെന്ന സംഗീത സംവിധായകൻ രമേശ് നാരായണന്റെ തുറന്നുപറച്ചിൽ പുതിയ തലത്തിലേക്ക്. രമേശ് നാരായണന്റെ വെളിപ്പെടുത്തൽ മൂലം പൃഥിയും വിമലും തമ്മിൽ തെറ്റിയെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഇരുവരും ചേർന്ന് പുറത്തിറക്കാനിരുന്ന കർണൻ എന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചതായും സൂചനയുണ്ട്.

ചിത്രത്തിന് വേണ്ടി താൻ തയ്യാറാക്കിയ മൂന്ന് പാട്ടുകളോടും പൃഥ്വിക്ക് താത്പര്യമുണ്ടാ യിരുന്നില്ലെന്നും അതിൽ രണ്ട് പാട്ടുകൾ നടൻ സംവിധായകനോട് പറഞ്ഞ് നിർബന്ധപൂർവ്വം മാറ്റി എന്നുമാണ് രമേശ് നാരായൺ പറഞ്ഞത്. ഇക്കാര്യം തന്നോട് പറഞ്ഞത് ആർ എസ് വിമലാണെന്നും രമേശ് നാരായൺ വെളിപ്പെടുത്തിയിരുന്നു.

ഇങ്ങനെ ഒരു സംഭവം നടന്നെങ്കിലും അതിനെ രഹസ്യമായി കൈകാര്യം ചെയ്യാനായിരുന്നുവത്രെ പൃഥ്വി വിമലിനോട് ആവശ്യപ്പെട്ടത്.രമേഷ് നാരായണന്റെ പാട്ട് ഒഴിവാക്കിയതിനെ തുടർന്നുള്ള വിവാദം മുറുകിയതോടെ പൃഥ്വിക്ക് സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതോടെ ചിത്രം ഉപേക്ഷിച്ചുവെന്നുമാണ് വാർത്ത. നേരത്തെ ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് വിമലിനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇത് നടക്കാതെ വന്നതോടെ ചിത്രം പൂർണമായി ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.അതേസമയം ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സംവിധായകൻ വിമൽ തന്നെ രംഗത്തു വന്നിട്ടുണ്ട്.

അമ്പത് കോടിക്ക് മേൽ ബജറ്റിൽ ആർ എസ് വിമൽ ഒരുക്കാനിരുന്ന സിനിമയാണ് കർണൻ. പൃഥ്വിരാജ് നായകനായ സിനിമയുടെ ആദ്യലുക്ക് പോസ്റ്റർ വരെ പുറത്തുവന്നതാണ്. ചിത്രത്തിന്റെ ഗവേഷണത്തിനായി ആർ എസ് വിമൽ ഉത്തരേന്ത്യൻ യാത്രനടത്തിയതും മറ്റും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.