ന്റെ ഓരോ ചിത്രത്തെക്കുറിച്ചും ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പതിവ് യുവ സൂപ്പർതാരം പഥ്വിരാജിനുണ്ട്. ഫേസ്‌ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ ഒക്കെയാണ് പൃഥ്വി അത്തരം വിശേഷങ്ങൾ പങ്കുവയ്ക്കുക. ഇന്നലെ രാവിലെയും അത്തരത്തിൽ ഒരു സർപ്രൈസ് തനിക്ക് ആരാധകരുമായി പങ്കുവയ്ക്കാനുണ്ടെന്നറിയിച്ച് താരം ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്നു.

കാര്യമെന്തെന്ന് അപ്പോൾ പറയാതെ ആരാധകരുടെ ഇമാജിനേഷന് വിഷയത്തെ വിട്ട പൃഥ്വി ഉച്ചയ്ക്ക് സർപ്രൈസ് എന്തെന്ന് വെളിവാക്കുമെന്നാണ് അറിയിച്ചിരുന്നത്. ആരും പ്രതീക്ഷിക്കാൻ ഇടയില്ലാത്ത ഒന്നായിരിക്കും ഈ സർപ്രൈസെന്നും ലൂസിഫറിനെക്കുറിച്ചോ, താൻ നിർമ്മിക്കുന്ന നയൻ എന്ന ചിത്രത്തെക്കുറിച്ചോ അല്ലെന്നും പൃഥിരാജ് കൂട്ടിച്ചേർത്തതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു.

ഒടുവിൽ ആ സർപ്രൈസ് എത്തിയോടെ ബിരിയാണി പ്രതീക്ഷിച്ചിരുന്നവർക്ക് കഞ്ഞി കിട്ടിയ അവസ്ഥയിലായി. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം പേട്ട കേരളത്തിൽ റിലീസിനെത്തിക്കുന്നത് പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് എന്നതായിരുന്നു പൃഥിരാജ് പങ്ക് വച്ച സർപ്രെസ്. എന്നാൽ ആരാധകർക്ക് ഈ സർപ്രൈസ് അത്രയ്ക്ക് രുചിച്ചില്ല. അവർ ട്രേളുകളോടെ പ്രതികരിക്കാനും തുടങ്ങി.

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ലോകമെമ്പാടുമുള്ള ആരാധകർക്ക് വലിയൊരു സർപ്രൈസ് അനൗൺസ്‌മെന്റ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഇന്ന് ഉച്ചയ്ക്ക് നടത്തുമെന്നും അപ്രതീക്ഷിതമായ ആ സർപ്രൈസിനു വേണ്ടി കാത്തിരിക്കൂ എന്നും പൃഥിരാജ് രാവിലെ ഫേസ്‌ബുക്ക് ലൈവിലൂടെ അനൗൺസ് ചെയ്തിരുന്നു. എന്നാൽ സർപ്രൈസ് എത്തിയതോടെ ഇതിലും ഭേദം ശ്രീകുമാർ മേനോൻ ആയിരുന്നു എന്നും ഒടിയൻ സിനിമ ആദ്യ ഷോ കാണാൻ കേറിയ അവസ്ഥ ആയി പോയി എന്നാണ് ആരാധകരിൽ ചിലർ പ്രതികരിച്ചത്.

രജനീകാന്ത്, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ,നവാസുദ്ദീൻ സിദ്ദിഖീ, ബോബി സിംഹ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാർത്തിക് സുബരാജ് സംവിധാനം ചെയ്ത പേട്ട ജനുവരി 10 ന് പൊങ്കൽ ദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ മാത്രം 200 ൽ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനുള്ളത്. പേട്ടയുടെ വിതരണാവകാശം സ്വന്തമാക്കിയതു വഴി പൃഥിരാജിന്റെ നിർമ്മാണകമ്പനിയായ പൃഥിരാജ് പ്രൊഡക്ഷൻസ് നിർണായകമായൊരു ചുവടുവെപ്പ് തന്നെയാണ് നടത്തിയതെങ്കിലും ഈ സർപ്രൈസ് വാർത്ത പൃഥി ആരാധകരെ നിരാശരാക്കുകയാണ്.

കുടുംബത്തിനൊപ്പമുള്ള അവധിക്കാല യാത്രയിൽ നിന്നും ഒരു ദിവസം ബ്രേക്ക് എടുത്ത് നാട്ടിലെത്തിയ പൃഥിരാജ് ഫേസ്‌ബുക്ക് ലൈവിൽ വന്നാണ് സർപ്രൈസിന്റെ കാര്യം പ്രഖ്യാപിച്ചത്. സാധാരണ നിങ്ങളാരും പ്രതീക്ഷിക്കാത്ത ഒരു അനൗൺസ്‌മെന്റ്. ഇന്ന് ഉച്ചയ്ക്ക് എന്റെ ഒഫീഷൽ ഫേസ്‌ബുക്ക് പേജിലൂടെ ഉണ്ടാവും. എന്റെ യാത്ര ബ്രേക്ക് ചെയ്ത് ഒരു ദിവസത്തിന് ഞാൻ തിരിച്ചുവന്നത് എന്തിനാണെന്ന് ഇന്ന് ഉച്ചയ്ക്ക് നിങ്ങൾക്ക് മനസ്സിലാവും, പൃഥിരാജ് പറഞ്ഞു. ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ഒടുവിൽ ഉച്ചയോടെ പൃഥി തന്റെ അനൗൺസ് ചെയ്തപ്പോൾ നിരാശരായ ആരാധകരുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് താരത്തിന്റെ ഫേസ്‌ബുക്ക് പേജ്.

ഫേസ്‌ബുക്ക് ലൈവിൽ പൃഥ്വി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ലൂസിഫറിന്റെ നാലു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ലക്ഷദ്വീപിലാണ് ഷൂട്ട് ചെയ്യേണ്ടത്. പാച്ച് വർക്ക് ഷൂട്ടാണ് ബാക്കിയുള്ളത്. ജനുവരി പകുതിയോടെ അതും പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഡബ്ബിങ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളൊക്കെ നടന്നുകൊണ്ടിരിക്കുകയാണെന്നും പൃഥിരാജ് പങ്ക് വച്ചു. പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചർ റിലീസിങ് ഇന്റർനാഷണലുമായി കൈകോർക്കുന്ന നയൻ എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയായതായും ഏതാനും ദിവസങ്ങൾക്ക് അകത്ത് ട്രെയിലർ റിലീസ് ചെയ്യുമെന്നും ഫേസ്‌ബുക്ക് ലൈവിൽ പൃഥിരാജ് പറഞ്ഞു. 2019 ഫെബ്രുവരി ഏഴിന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകൻ. ഐഎസ്ആർഒ ശാസ്ത്രജ്ഞനായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ഹൊറർ സിനിമയാണ്. എ ജീനസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ. ഷാൻ റഹ്മാനാണ നയനിന്റെ സംഗീത സംവിധായകൻ. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.