കൊച്ചി: ഏഷ്യാനെറ്റിന്റെ സിനിമാ അവാർഡ് വീതം വെയ്‌പ്പാണെന്ന ആരോപണം പുതുമയുള്ളതല്ല. മുമ്പ് പലതവണ ഈ ആരോപണം ഉയർന്നിട്ടുണ്ട്. മോഹൻലാലിനെയും മമ്മൂട്ടിയെയും തൃപ്തിപ്പെടുത്താൻ നൽകിവന്നിരുന്ന പുരസ്‌ക്കാരങ്ങൾ തലമുറ മാറിയപ്പോൾ പൃഥ്വിരാജിലേക്ക് നിവിൻ പോളിയിലേക്കും ജയസൂര്യയിലേക്കുമൊക്കെ മാറിയെന്ന് മാത്രം. എന്തായാലും പതിവു പോലെ ഇത്തവണയും ഏഷ്യാനെറ്റിന്റെ അവാർഡ് നിശയെ ചൊല്ലി വിവാദമുണ്ട്. പൃഥ്വീരാജിന്റെ ആരാധകർ തന്നെയാണ് ഇത്തവണ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അവാർഡ് പുരസ്‌ക്കാര വേദിയിൽ പൃഥ്വിരാജിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആരാധകരുടെ പരാതി.

ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ പൃഥ്വിരാജിന് ബെസ്റ്റ് ആക്ടറിനുള്ള അവാർഡായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. എന്നാൽ, മികച്ച നടനുള്ള പുരസ്‌ക്കാരം നൽകിയിട്ടും താരത്തെ അവഹേളിച്ചു എന്നതാണ് ആരാധകരുടെ പരാതി. അവാർഡ് പ്രഖ്യാപിച്ച ശേഷം സ്‌ക്രീനിൽ പൃഥ്വിരാജിനെ കുറിച്ചുള്ള പ്രൊഫൈൽ വേണ്ട വിധത്തിൽ കാണിച്ചില്ലെന്നതാണ് ആക്ഷേപത്തിന്റെ അടിസ്ഥാനം. രാജുവിനെ തികച്ചും തരം താഴ്തിയും വില കുറച്ചും ആണ് ഏഷ്യാനെറ്റ് ടീം സ്വാഗതം ചെയ്തതെന്നും ആരാധകർ പരിതപിക്കുന്നു. ഇതെല്ലാവർക്കും മനസ്സിലായി കാണും എന്നും ആരാധകർ പറയുന്നു.

മറ്റ് എല്ലാ അവാർഡുകൾക്കും അവാർഡ് ജേതാക്കൾക്കെല്ലാം പ്രൊഫൈൽ കാണിച്ച ശേഷമാണ് പുരസ്‌കാരം നൽകിയതെന്നും എന്നാൽ പൃഥ്വിരാജിന്റെ മാത്രം പ്രൊഫൈൽ കാണിച്ചില്ല എന്നതുമാണ് കാരണമായിപ്പറയുന്നത്. ഫിലിം അവാർഡിലെ ഏറ്റവും വലിയ അവാർഡിൽ ഒന്നാണ് പൃഥ്വി നേടിയത്. പുരസ്‌കാരം സമ്മാനിക്കാനായി തമിഴ് നടൻ വിക്രം പൃഥ്വിരാജിന്റെ പേര് പ്രഖ്യാപിച്ച ശേഷം, സ്‌ക്രീനിൽ പ്രൊഫൈൽ വരുമെന്ന് പ്രതീക്ഷിച്ച് രാജുവും ഇരുന്നു. പൃഥ്വി കസേരയിൽ തന്നെ ഇരുന്നത് കാണാമായിരുന്നു. എന്നാൽ വേണ്ടവിധത്തിൽ പ്രൊഫൈൽ കാണിച്ചിട്ടില്ല.

ഇത് കൂടാതെ ബെസ്റ്റ് ആക്ടർ അവാർഡ് നോമിനേഷൻ ലിസ്റ്റിൽ ബാക്കി അഭിനേതാക്കളുടെ എല്ലാം ഒന്നിൽ കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ, 2015 ൽ തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വിരാജിന്റെ ഒരു പടം മാത്രമേ കാണിച്ചുള്ളൂ എന്നതും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ആരാധകർ പറയുന്നു. ഇതൊക്കെ കൂടിയായപ്പോൾ പൃഥ്വി ആരാധകർക്ക് കടുത്ത നിരാശയിലാണ്. ചാനലിനോട് പകരം ചോദിക്കണമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ ഫേസ്‌ബുക്കിൽ ഇപ്പോൾ നിരന്തരമായി പോസ്റ്റുകളിടുന്നുണ്ട്. പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ കമന്റുകളായി ഇക്കാര്യം കാണിക്കുന്നുണ്ട്.

എന്തായാലു പുരസ്‌ക്കാരം നേടിയ പൃഥ്വി ആരോടും പരിഭവം പറഞ്ഞിട്ടില്ല. അവാർഡ് വേദിയിൽ വച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി നല്ല സിനിമ സമ്മാനിച്ചവർക്ക് നന്ദി പറഞ്ഞതിനൊപ്പം ഭാര്യയ്ക്കും മകൾക്കും സമർപ്പിക്കുന്നതായി പൃഥ്വി പറഞ്ഞു. എന്റെ മകൾക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും ഈ പുരസ്‌കരം സമർപ്പിക്കുന്നു എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ഇത് എല്ലാവരും കൈയടികളോടെ സ്വീകരിക്കുകയും ചെയ്തു. എന്തായാലും ആരാധകരുടെ പ്രതിഷേധം ഒരുവശത്ത് തുടരുമ്പോഴും വിവാദം കൊഴുപ്പിക്കാനില്ലെന്ന പക്ഷക്കാരാനാണ് രാജു. അതുകൊണ്ട് വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് അദ്ദേഹം.