നടി പാർവതിയോടുള്ള കലിപ്പ് സോഷ്യൽ മീഡിയ വഴി തുടരുകയാണ്. കേസും അറസ്റ്റുമെല്ലാം പാർവതിയോടുള്ള ആരാധകരുടെ മനോഭാവത്തിന് മാറ്റം വരുത്തിയിട്ടില്ല. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങൾക്ക് പുറമെ എതിർപ്പ് പാർവതി അഭിനയിക്കുന്ന ചിത്രങ്ങൾക്കെതിരെയും തിരിയുന്നു.

പൃഥ്വി രാജിന്റെ ചിത്രമാണ് ഇത്തവണ പാർവതിയുടെ കലിപ്പിൽ പെട്ടത്. പാർവതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ 'മെ സ്റ്റോറി'യിലെ 'പതുങ്ങി' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോൾ ഒരു വിഭാഗം രോഷം തീർക്കുന്നത്.

യൂട്യൂബിൽ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ്‌ലൈക്കുകൾ നൽകിയാണ് ആക്രമണം നടക്കുന്നത്. കൂടുതൽ പേരെ ഡിസ്‌ലൈക്ക് ചെയ്യാൻ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും ആക്രമണം ശക്തമാണ്. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്‌ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

വീഡിയോയ്ക്ക് താഴെയും പാർവതിക്കെതിരെയുള്ള കമന്റുകളാണ്. ഈ ഡിസ് ലൈക്കുകൾ ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാർവതി എന്ന നടിക്കെതിരെയാണെന്ന് വ്യക്തമാക്കിയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. പാർവതി അഭിനയിച്ചതിനാൽ ഈ ചിത്രം കാണില്ലെന്നും അതിനാൽ പൃഥ്വിരാജിനോട് ക്ഷമ ചോദിച്ചിരിക്കുന്നവരും ഉണ്ട്.