തിരുവനന്തപുരം: മലയാളത്തിൽ അഭിനയം തുടങ്ങി ബോളിവുഡിൽ എത്തി നിൽക്കുന്നുണ്ട് നടൻ പൃഥ്വിരാജിന്റെ പ്രശസ്തി. നാം ഷബാനയിലെ തകർപ്പൻ വില്ലൻ ടോണിയായി വിലസിയ ശേഷം പൃഥ്വി വീണ്ടും ബോളിവുഡിലേക്ക് പോകുന്നു എന്നാണ് പുറത്തു വരുന്ന പുതിയ വാർത്തകൾ. മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുമ്പോൾ തന്നെയാണ് അദ്ദേഹത്തിന് ബോളിവുഡിൽ നിന്നും ക്ഷണം എത്തിയത്. ബോളിവുഡ് സിനിമാ ലോകത്ത് മലയാള സിനിമയിൽ നിന്നും അറിയപ്പെടുന്ന നടനായി രാജു മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ തേടി വീണ്ടും അവസരം എത്തിയത്.

പൃഥ്വി നേരത്തെ അഭിനയിച്ച നാം ഷബാന എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പുതിയ പ്രോജക്ടവുമായി താരത്തെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിനായി താരം ഡേറ്റ് നൽകി എന്നാണ് പുറത്തു വരുന്ന വിവരം. ബ്ലസിയുടെ ആടു ജീവിതം, കാളിയൻ, തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

ബ്ലസിയുടെ ആടു ജീവിതത്തിനായി ഒന്നര വർഷമാണ് താരം നീക്കി വെച്ചിരിക്കുന്നത്. മലയാളത്തിൽ പുതിയ കരാറുകൾ ഒന്നും തന്നെ താരം സ്വീകരിച്ചിട്ടില്ല. ആടുജീവിതം , കാളിയൻ ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രങ്ങളാണ്. ഈ വർഷം തന്നെയാണ് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടും ആരംഭിക്കുക. എന്നാൽ പൃഥ്വിയുടെ ഹിന്ദി ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.