- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുജീവിത'ത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാൻ പൃഥ്വിരാജ്; കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനം; അൾജീരിയൻ ഷെഡ്യൂളിന് മുൻപ് മേക്കോവർ നടത്താൻ പ്രിഥ്വിരാജും
തിരുവനന്തപുരം: ആടുജീവിതത്തിന്റെ പുതിയ ഷെഡ്യൂളിനായി ഡിസംബർ മുതൽ സിനിമാസംബന്ധിയായ മറ്റു തിരക്കുകളിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങി പൃഥ്വിരാജ്. യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബൈയിൽ എത്തിയ പൃഥ്വി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിനുവേണ്ടി ശാരീരികമായ വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു പൃഥ്വിരാജ്. 30 കിലോയോളം ശരീരഭാരം കുറച്ചും താടി വളർത്തിയുമാണ് കഴിഞ്ഞ വർഷം നടന്ന ജോർദ്ദാൻ ഷെഡ്യൂളിൽ പൃഥ്വി പങ്കെടുത്തത്.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കാനുള്ള ആലോചനകളിലാണ് ബ്ലെസ്സിയും സംഘവും. ഇത് പുനരാരംഭിക്കുന്നതിനു മുൻപ് പൃഥ്വിരാജിന് വീണ്ടും ശാരീരികമായ മേക്കോവർ നടത്തേണ്ടതുണ്ട്. ഇതിനായാണ് ഇടവേള.അൾജീരിയയിലും ജോർദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതം പൂർത്തിയാക്കേണ്ടതെന്ന് പൃഥ്വിരാജ് പറയുന്നു- 'ആടുജീവിതത്തിനുവേണ്ടി വീണ്ടും ഡിസംബർ മുതൽ ഞാൻ മുങ്ങും, ഒരു മൂന്ന് മാസത്തെ ഇടവേള എടുക്കും. അതിനുശേഷം അൾജീരിയയിൽ ചിത്രീകരണം ആരംഭിക്കും. അവിടെ ഒരു 40 ദിവസത്തെ ഷെഡ്യൂൾ ആണ് ഉള്ളത്. അതു പൂർത്തിയാക്കി ജോർദ്ദാനിലേക്ക് തിരിച്ചെത്തും. ജോർദ്ദാനിലും ഒരു വലിയ ഷെഡ്യൂൾ അവശേഷിക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂൾ ചിത്രീകരിക്കാനുണ്ട്', പൃഥ്വിരാജ് പറയുന്നു.
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിന്റെ ആടുജീവിതമാണ് അതേ പേരിൽ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. കെ യു മോഹനൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആർ റഹ്മാൻ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
മറുനാടന് മലയാളി ബ്യൂറോ