തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തിൽ ഇരയോടൊപ്പമാണെന്ന് നേരത്തെ തന്നെ പ്രിഥ്വിരാജ് ഉൾപ്പടെയുള്ള യുവതാരങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു.നിലപാടിന് പിന്നാലെ പ്രിഥ്വി അമ്മയുടെ യോഗങ്ങളിൽ നിന്നുപോലും അകലം പാലിച്ചിരുന്നു.വിഷയം വീണ്ടും സജീവ ചർച്ചയാകുമ്പോൾ നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് പ്രിഥ്വിരാജ്.അൽപ്പം സമയം മുൻപ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിച്ച് പങ്കുവച്ചാണ് പ്രിഥ്വി തന്റെ നിലപാടും നടിക്ക് പിന്തുണയും അറിയിച്ചിരിക്കുന്നത്.

പ്രിഥ്വിരാജ് മാത്രമല്ല നടൻ ടോവിനോ തോമസും കുറിപ്പ് ഷെയർ ചെയ്ത് നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വർഷമായി താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ നടി കുറിപ്പ് പങ്കുവച്ചത്.ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്നതായിരുന്നു നടിയുടെ കുറിപ്പ്.

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്നായിരുന്നു നടിയുടെ കുറിപ്പ്

അതേസമയം ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. ഒന്നാം പ്രതിയായ നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, അനൂപിന്റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയാണ് ക്രമിനിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളത്. എഫ്‌ഐആർ ഇന്ന് ആലുവ മജിസ്‌ടേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഗൂഢാലോചന നടന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.