തിരുവനന്തപുരം: സമൂഹമാധ്യമത്തിലെ പുത്തൻ താരോദയമായ ക്ലബ്ഹൗസിലെ വ്യാജനെതിരെ പ്രിഥ്വിരാജ് വീണ്ടും രംഗത്ത്.ഇത് രണ്ടാം തവണയാണ് ഇതേ കാര്യം സൂചിപ്പിച്ച് പ്രിഥ്വി രംഗത്ത് വരുന്നത്.സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ തന്റെ പടവും വച്ച് തന്റെ ശബ്ദവും മിമിക്രി ചെയ്ത് ചിലർ ഉപയോഗിക്കുന്നതായി താരം പറയുന്നു.

സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്,  എന്റെ ശബ്ദത്തെ അനുകരിക്കുക, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിർത്തുക. ഞാൻ ക്ലബ് ഹൗസിൽ ഇല്ല എന്നുമാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്.

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു. ഒരു വ്യക്തിയുടെ പേരിൽ ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ക്ലബ് ഹൗസിൽ സിനിമാതാരങ്ങളുടെ വ്യാജന്മാർ വ്യാപകമാവുകയാണ്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി താരങ്ങളാണ് ഇതേ വിഷയം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്‌