ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി ഇത് സംബന്ധിച്ച് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രത്തിൽ ഇടംപിടിക്കുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതി പുറപ്പെടുവിച്ച ഈ വിധി പകർപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

ഓഗസ്റ്റ് രണ്ടിന് വാദം പൂർത്തിയാക്കിയ കോടതി കേസിലെ നിർണായക വിധി ഇന്നാണ് പുറത്തുവന്നത്. സ്വകാര്യത ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുന്ന സുപ്രധാന വിധിപ്രസ്താവനമാണ് പുറത്തുവന്നിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടർച്ചയായി വാദം കേട്ടതിനുശേഷമാണ് ഇന്ന കേസിൽ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വർ, എസ്.എ. ബോബ്ഡെ, ആർ.കെ. അഗർവാൾ, ആർ.എഫ്. നരിമാൻ, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗൾ, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങൾ. ഒമ്പതംഗ അംഗങ്ങൾ ഒറ്റ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിധി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നേയുള്ളൂ.

സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാലബഞ്ചിന്റെ വിധികൾ ഇതോടെ അപ്രസക്തമായിട്ടുണ്ട്. ഇപ്പോഴത്തെ വിധിയോടെ വ്യക്തിയുടെ സ്വകാര്യതകൾ നിരീക്ഷിക്കാനും ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കാനും സാധിക്കുമോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരുന്നുണ്ട്.