കോഴിക്കോട്: സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്. ഏതു നിമിഷം വേണമെങ്കിലും പണി കിട്ടാം. സ്വകാര്യ പ്രാക്ടീസ് നടത്തി പാവപ്പെട്ട രോഗികളെ പിഴിയുന്ന ഡോക്ടർമാർക്ക് കോഴിക്കോട് ജില്ലയിൽ പിടി വീണു കഴിഞ്ഞു. 23 ഡോക്ടർമാർക്കെതിരായി നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. രണ്ട് ലബോറട്ടറി ഉടമകൾക്കെതിരേയും നപടി എടുക്കും.  വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിലുള്ള സർക്കാർ ഡോക്ടർമാരാണ് നടപടി നേരിടാൻ പോവുന്നത്.

സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും പ്രാക്ടീസ് നത്തിയതിനാണ് ഇവർക്കെതിരെ നടപടി. കേരള ലോകായുക്തയുടെ ഉത്തരവിനെ തുടർന്നാണ് ഈ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുന്നത്. ഹെൽത്ത് സർവീസ് ഡയറക്ടർ നവംബർ 9ന് ലോകായുക്ത മുമ്പാകെ ഹാജരായി ഇവർക്കെതിരെ സ്വീകരിക്കുന്ന ശിക്ഷാ നടപടി കോടതിയിൽ വ്യക്തമാക്കും. സ്വകാര്യ വ്യക്തി ഫയൽ ചെയ്ത അന്യായത്തിന്മേലാണ് കോടതിയുടെ ഉത്തരവ്.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. തുർന്ന് ഡിവൈഎസ്‌പി ജി സാബു നത്തിയ അന്വേഷണത്തിൽ വ്യാപകമായി സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി. മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റു ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നടത്താമെങ്കിലും സ്വകാര്യ ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ പ്രാക്ടീസ് നടത്താൻ പാടില്ല. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ നിർദ്ദേശമെല്ലാം ലംഘിച്ചതായി കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ വരെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി.

കുറ്റ്യാടി ഗവൺമെന്റ് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, നാദാപുരം ഗവൺമെന്റ് ആശുപത്രി എന്നിവിടങ്ങളിലെ ചില ഡോക്ടർമാർ സ്വകാര്യ ലാബുകളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഉച്ചവരെ ആശുപത്രികളിൽ ഇരുന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവർ സ്വകാര്യ ലാബുകളിൽ പ്രാക്ടീസ് നടത്തുന്നത്. ഒരു രോഗിയുടെ അടുത്ത് നിന്ന് 200 മുതൽ 300 രൂപവരെ ഫീസും ഇവർ വാങ്ങുന്നുണ്ട്.

ഇവരുടെയെല്ലാം പേര് ബോർഡുകളിൽ എഴുതി ലാബുകൾക്കു മുമ്പിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഇവരുടെ പേരുകൾ പ്രദർശിപ്പിച്ചതിന്റെ ചിത്ര സഹിതമാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചത്.

പാവപ്പെട്ടവരെ പിഴിയുന്ന ഈ ലാബുകൾക്ക് ഈ ഡോക്ടർമാർ കൂട്ടു നിൽക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. അവിഹിതമായി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഈ ഡോക്ടർമാർ പാവപ്പെട്ട രോഗികളെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു.
ലബോറട്ടറികളിൽ ചെല്ലുന്നവർക്ക് ആവശ്യമില്ലാത്ത ടെസ്റ്റുകൾ നിർദ്ദേശിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. മരുന്ന് നൽകുന്നതിലും ലബോറട്ടറികൾ തന്ത്രം കാണിക്കുന്നുണ്ട്. നാല് തരം ഗുളിക എഴുതികയാണെങ്കിൽ അതിൽ ഒന്ന് അതാത് ക്ലിനിക്കിൽ മാത്രം ലഭിക്കുന്നതായിരിക്കും. അതിനാൽ മരുന്ന് കഴിയുന്നതോടെ സ്വാഭാവികമായും ആ രോഗി നേരത്തെ കാണിച്ച ക്ലിനിക്കിൽ തന്നെ എത്തും. ഇത്തരം പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് ലോകായുക്ത മുമ്പാകെ പരാതി എത്തിയത്.

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര പ്രാവർത്തികമായിരുന്നില്ല. ഡോക്ടർമാർ ഒളിഞ്ഞും തെളിഞ്ഞും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ചില ഒറ്റപ്പെട്ട നടപടികൾ ഒഴിച്ചാൽ നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ കാര്യമായൊന്നും ചെയ്യാറില്ല. ഇതോടെയാണ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് ഫീണ്ടും വർദ്ധിച്ചത്. വീട്ടിൽ പോലും സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ലാത്ത മെഡിക്കൽ കോളേജ് ഡോക്ടർമാരിൽ പോലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരുണ്ട്. മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസിന് പകരം സർക്കാർ പ്രത്യേക അലവൻസ് നൽകിന്നുണ്ട്. ഇതും വാങ്ങിയിട്ടാണ് ചിലരുടെ സ്വകാര്യ പ്രാക്ടീസ്.