- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവ്വകലാശാലയുടെ കെടുകാര്യസ്ഥത: ആയിരക്കണക്കിന് പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ; വിദ്യാർത്ഥികളുടെ ഒന്നാംവർഷത്തെ സിലബസ് ഒരു വർഷം കഴിഞ്ഞിട്ടും പ്രഖ്യാപിച്ചില്ല
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ കെടുകാര്യസ്ഥത കാരണം സമാന്തര കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി കടുത്ത പ്രതിസന്ധിയിൽ. കണ്ണുർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ ഒന്നാംവർഷത്തെ സിലബസ് ഒരു വർഷം കഴിഞ്ഞിട്ടും പ്രഖ്യാപിക്കാത്തതിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായിരിക്കുകയാണെന്ന് പാരലൽ കോളേജ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ബിഎ ഹിസ്റ്ററി ഇംഗ്ലീഷ് വിഷയങ്ങളുടെ കോംപ്ലിമെന്ററി പേപ്പറിലാണ് അനിശ്ചിതത്വം. സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് വൈസ് ചാൻസലറാണ് വിഷയം നീട്ടി കൊണ്ടുപോകുന്നത് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. മുപ്പത്തി അഞ്ചായിരത്തിൽപരം വിദ്വാർഥികൾ വിദൂര പ്രൈവറ്റ് വിഭാഗങ്ങളിൽ പഠിച്ചു കൊണ്ടിരുന്ന കണ്ണൂരിൽ ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ആരംഭിച്ച യൂണിവേഴ്സിറ്റി ഈ മേഖലയോട് കടുത്ത അവഗണനയാണ് കാട്ടുന്നത് .
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ചുരുങ്ങിയ ഫീസിൽ പഠിക്കാമെന്നുള്ള ആനുകൂല്യത്തിൽ പാരലൽ കോളേജുകളിൽ പഠിക്കുന്നത് കണ്ണൂർ യൂണിവേഴ്സിറ്റി യുടെ നിലപാടിൽ രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും കടുത്ത ആശങ്കയിലാണ്. പാരലൽ കോളേജ് അസോസിയേഷൻ നിരവധി തവണ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട് വിദ്യാർത്ഥി സംഘടനകളും, ജനപ്രതിനിധികളും അടിയന്തിരമായും വിഷയത്തിൽ ഇടപെടണം റഗുലർ സ്വാശ്രയ കോളേജുകളിൽ ഒന്നാം വർഷ ക്ലാസുകൾ തുടങ്ങിയിട്ടും പ്രൈവറ്റ് വിദ്യാർത്ഥികളുടെ പ്രവേശനത്തിനു ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടു പോലുമില്ല. ഈ വർഷം കോഴ്സുകൾ തുടങ്ങാൻ യൂണിവേഴ്സിറ്റിക്കു സർക്കാർ നേരത്തേ തന്നെ അനുവാദം നൽകിയിരുന്നു. എന്നിട്ടും ഇതുവരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.
ഒന്നാം വർഷ ബി എ ഹിസ്റ്ററി , ഇംഗ്ലീഷ് വിഷയങ്ങളുടെ സിലബസ്സ് ഉടൻ പ്രഖ്യാപിക്കുക, രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഒന്നാം വർഷ പരീക്ഷകൾ ഉടൻ നടത്തുക, ഒന്നാം വർഷ ഡിഗ്രി പി.ജി വിദ്യാർത്ഥികളുടെ പ്രവേശനം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ യൂണിവേഴ്സിറ്റി അംഗീകരിക്കാത്ത പക്ഷം, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും, മറ്റ് വിദ്യാഭ്യാസ പ്രവർത്തകരെയും അണിനിരത്തി നിരാഹാര സത്യാഗ്രഹമുൾപ്പെടെ അനിശ്ചിത കാല സമര പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതോടൊപ്പം കണ്ണൂർ , കാസർഗോഡ് , വയനാട് ജില്ലകളിലെ ആയിരക്കണക്കിനു വിദ്വാർഥികൾ കണ്ണൂർ സർവ്വ കലാശാല ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും പാരലൽ കോളേജ് അസോസിയേഷൻ മുന്നറിയിപ്പു നൽകി. സമാന്തര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാൻ കൂടി വൈസ് ചാൻസലർ തയ്യാറാവുന്നില്ല. മറ്റുള്ളവരുടെ ഇംഗിതത്തിനനുസരിച്ച് വി സി സമാന്തര വിദ്യാർത്ഥികളെ ബലിയാടാക്കുകയാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻ തുക കൊടുത്ത് വിദ്യാർത്ഥികൾ പഠിക്കേണ്ട സാഹചര്യമാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് കെ.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി രാജീവൻ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ