കുവൈറ്റ് സിറ്റി: സ്വാകര്യ സ്‌കൂളുകളിലെ ഫീസ് വർധന മരവിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ഡോ. ബാദേർ അൽ ഇസ്സാ ഉത്തരവിറക്കി. സ്വകാര്യ സ്‌കൂളുകൾ സർക്കാർ ഉത്തരവുകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ചില സ്വകാര്യ സ്‌കൂളുകൾ അനധികൃതമായി ഫീസ് വർധിപ്പിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകും. പിന്നീട് സസ്‌പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകും. അധിക ചെലവുകളോ ചാർജുകളോ ഈടാക്കുന്ന സ്‌കൂളുകൾക്കെതേരിയും നടപടിയുണ്ടാകും.

സ്‌കൂളിലെ ഫീസ് വർദ്ധന പിൻവലിക്കണമെന്ന നിർദ്ദേശം ഇക്കൊല്ലം ആദ്യം തന്നെ നാഷണൽ അസംബ്ലി അംഗീകരിച്ചിരുന്നു. പ്രശ്നം പാർലമെന്ററി സമിതി പരിശോധിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. ഫീസ് വർദ്ധിപ്പിച്ച രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്കെതിരെ പാർലമെന്റംഗങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർദ്ധനയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭ ഒരു സമിതിയെയും ചുമതലപ്പെടുത്തി.