- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യവാഹനത്തിൽ വ്യാജ ബോർഡുമായി യാത്ര; ഉടമയെ കസ്റ്റഡിയിലെടുത്ത് തെന്മല പൊലീസ്
കൊല്ലം: പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ കാറിൽ വ്യാജ ബോർഡുമായി കറങ്ങിയ ആൾ അറസ്റ്റിൽ. 'ഇന്ത്യൻ ഹ്യൂമൻ വെൽഫെയേഴ്‌സ് ആൻഡ് വിജിലൻസ് ഡോട്ട് ഒആർജി' എന്ന ബോർഡ് കാറിൽ സ്ഥാപിച്ച് യാത്ര ചെയ്ത കൊല്ലം ഇടമൺ സ്വദേശി സുദേശനെയാണ് തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തത്.
തെന്മലയിലെ തമിഴ്‌നാട് - കേരള അതിർത്തികളിൽക്കൂടി ഇയാളുടെ യാത്ര. നീലയും ചുവപ്പും കളറുള്ള ബോർഡിൽ വെള്ള അക്ഷരത്തിലായിരുന്നു എഴുത്ത്. പൊലീസിന്റെ ബോർഡിനു സമാനമായിട്ടാണ് ഇത് കാറിൽ സ്ഥാപിച്ചിരുന്നത്. അതിർത്തി ചെക്‌പോസ്റ്റുകളിൽ ഈ ബോർഡുമായി വരുന്ന കാർ ഔദ്യോഗികവാഹനമാണെന്ന ധാരണയിൽ തടഞ്ഞുപരിശോധന നടത്താറില്ലായിരുന്നു.
ഈ ബോർഡുമായി കറങ്ങുന്ന കാർ തെന്മല സ്‌പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തെന്മല ഇൻസ്‌പെക്ടർ വിനോദിനെ വിവരം അറിയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈ സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ബോധ്യപ്പെട്ടെങ്കിലും കാറിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നതു നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് സുദേശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെടാനുള്ള യാത്രകളിൽ തടസം നേരിടാതിരിക്കാനാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്ന വിശദീകരണമാണ് അയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ജനങ്ങളേയും പൊലീസ് സംവിധാനത്തേയും കബളിപ്പിക്കാൻ വേണ്ടി ബോർഡ് സ്ഥാപിച്ചതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബോർഡ് നീക്കം ചെയ്ത ശേഷം സ്റ്റേഷനിൽ വാഹനം എത്തിക്കണമെന്നുള്ള നിബന്ധനയിൽ വിട്ടയച്ചു.
മോട്ടർ വാഹന വകുപ്പിനും കാറിന്റെ വിവരം പൊലീസ് കൈമാറിയിട്ടുണ്ട്. അതേസമയം ഈ ബോർഡ് സ്ഥാപിച്ചത് എന്തിനാണെന്നു പൊലീസ് അന്വേഷിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വർഷങ്ങളായി ഈ ബോർഡുമായി അയാൾ യാത്ര ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ