കുവൈത്ത് പെട്രോളിയം കമ്പനിയിൽ സ്വദേശിവൽക്കരണത്തിനുള്ള നിർദ്ദേശം അധികൃതർക്ക് സമർപ്പിച്ചു. 100 ശതമാനം സ്വദേശവൽക്കരണം ലക്ഷ്യമിട്ടുള്ള നിർദ്ദേശം 2030-40 കാലയളവിനുള്ളിൽ പൂർത്തീകരിക്കുവാനും ഉദ്ദേശിക്കുന്നു. കമ്പനിയിൽ നിന്നും വിദേശികളെ ഒഴിവാക്കി പരമാവധി സ്വദേശികൾക്ക് ജോലി നൽകുന്ന പദ്ധതിയാണിത്.

മുനിസിപ്പാലിറ്റി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു വരികയാണ്. കമ്പനിക്കും സർക്കാറിനും ഉണ്ടാകുന്ന ചെലവ് ചുരുക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പെട്രോളിയം കമ്പനിയിലെയും അനുബന്ധ കമ്പനികളിലെയും സെക്രട്ടറി തസ്തികയിലുള്ള വിദേശികളെ പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു വിദേശികളെ അനിവാര്യമാണെങ്കിൽ മാത്രം നിലനിർത്താമെന്നും വ്യക്തമാക്കിയിരുന്നു. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കു സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല. ശമ്പളവും കുറവായിരിക്കും.