റിയാദ്: രാജ്യത്തെ ആശുപത്രികൾ പബ്ലിക് സെക്ടർ കമ്പനികളാക്കുന്നതിന് സൽമാൻ രാജാവിന്റെ അനുമതി. 2030-ഓടെ രാജ്യത്തെ 295 ആശുപത്രികളും 2259 ഹെൽത്ത് സെന്ററുകളും സ്വകാര്യവത്ക്കരിക്കാനാണ് ഹെൽത്ത് മിനിസ്ട്രിയുടെ പദ്ധതി. ആശുപത്രികൾ സ്വകാര്യവത്ക്കരിക്കുമ്പോൾ സ്വദേശികൾക്കും സർക്കാർ ചെലവിൽ ചികിത്സ ലഭിക്കുന്ന വിഭാഗത്തിനും നിർബന്ധ ആരോഗ്യ ഇൻഷ്വറൻസ് നിലനിർത്തിക്കൊണ്ടു തന്നെയാണ് ആരോഗ്യമേഖലയെ പബ്ലിക് സെക്ടർ കമ്പനികളാക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ എന്നിവയെ മന്ത്രാലയത്തിൽ നിന്നു വേർപെടുത്തി പബ്ലിക് സെക്ടർ കമ്പനികളാക്കുകയും പിന്നീട് ഈ മേഖലയിൽ ആരോഗ്യകരമായ ഒരു മത്സരം ഉണ്ടാവുകയും ചെയ്യുക എന്നാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വെളിപ്പെടുത്തി. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം പൗരന്മാർക്ക് ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. മന്ത്രാലയത്തിനു കീഴിൽ നിന്ന് ഇവയെ വേർപെടുത്തിക്കഴിഞ്ഞാൽ പിന്നെ ഇവയുടെ നിരീക്ഷിക്കുക മാത്രമായിരിക്കും മന്ത്രാലയത്തിന്റെ ഉത്തരവാദിത്വം.

ആരോഗ്യമേഖല സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഇതുസംബന്ധിച്ചുള്ള പോളിസികളും നിയമങ്ങളും രൂപീകരിച്ചുവരികയാണിപ്പോൾ.
നിലവിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളെ അഞ്ച് സ്വകാര്യ കമ്പനികൾക്ക് കീഴിലാക്കിയാകും സ്വകാര്യവത്ക്കരണത്തിന് തുടക്കമിടുക. സാമ്പത്തിക വികസന സമിതിയുടെ നിർദേശങ്ങൾ ഉന്നതസഭ അംഗീകരിക്കുന്നതോടെ സ്വകാര്യവത്ക്കരണം വേഗത്തിലാകും.

ഡയബറ്റീസ്, സ്തനാർബുദം, കുടൽ കാൻസർ, മലേറിയ, ടിബി, ഹൃദയരോഗങ്ങൾ, ആർത്രൈറ്റീസ്, ഓസ്റ്റിയോപോറോസീസ്, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങൾക്കെതിരേ ജനങ്ങളെ ബോധവത്ക്കരിക്കുന്ന കാമ്പയിനുകൾ മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കി വരുന്നുണ്ട്.