ബാംഗ്ലൂർ: ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് പ്രേക്ഷകരുടെ പ്രിയതാരം പ്രിയാ മണിയും ബിസിനസ്സുകാരനായ മുസ്തഫ രാജും വിവാഹിതരായത്. എന്നാൽ വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ വിവാഹത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും ട്രോളുകളും പ്രിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളും ട്രോളുകളുമെല്ലാം താൻ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി പുറത്തു കളയുകയാണ് പതിവെന്ന് പ്രിയാമണി പറയുന്നു. ഇത്തരം പ്രവണതകൾ തെന്നിന്ത്യൻ താരങ്ങളോട് മാത്രമേയുള്ളൂ. താൻ ഒരിക്കലും മതപരിവർത്തനം നടത്തുകയില്ലെന്നും പ്രിയ വ്യക്തമാക്കി.

ഒരു താരത്തിന്റെ ആഘോഷങ്ങളിൽ, സന്തോഷങ്ങളിൽ നിങ്ങൾക്ക് ഭാഗമാകേണ്ട എങ്കിൽ അവരെ വിമർശിക്കാനുള്ള അധികാരവും നിങ്ങൾക്കില്ല. 'ഞാൻ ഈ ട്രോളുകളും വിമർശനങ്ങളുമെല്ലാം ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. ആളുകൾ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ആക്രമിക്കുന്നത് ശരിയായ കാര്യമല്ല. എന്തുകൊണ്ടാണ് തെന്നിന്ത്യൻ താരങ്ങളെ മാത്രം ട്രോളുന്നത് എന്തുകൊണ്ട് ബോളിവുഡ് താരങ്ങളെ ഇപ്രകാരം ട്രോളുന്നില്ല.? ബോളിവുഡിലും ഇത്തരത്തിൽ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളുകൾ വിവാഹം ചെയ്യുന്നുണ്ട്. അവരെയെല്ലാം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. ഇവിടെ തെന്നിന്ത്യയിൽ മാത്രമേ ഇത്തരം ഒരു പ്രവണതയുള്ളൂ.

എനിക്കെന്റെ മാതാപിതാക്കളോടും മുസ്തഫയോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമേ മറുപടി പറയേണ്ടതുള്ളൂ. മറ്റാർക്കും മറുപടി നൽകേണ്ട ആവശ്യം എനിക്കില്ല. എനിക്കിഷ്ടമുള്ളത് ഞാൻ എനിക്ക് തോന്നുമ്പോൾ ചെയ്യും. ഞാൻ ഹിന്ദുവായാണ് വളർന്നത്. മുസ്തഫ മുസ്ലിം ആയും. ഞാൻ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുമെന്നാണ് ആളുകൾ കരുതുന്നത്. പക്ഷെ അതിന്റെ ആവശ്യമില്ല. അതിനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് ഉള്ളത്. ഞങ്ങൾ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഞാനെന്റെ മതം മാറാൻ പോകുന്നില്ല. ഇത് ഞാൻ മുസ്തഫയുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും പണ്ടേ സംസാരിച്ചിട്ടുള്ളതാണ്. അവർക്ക് അതിന് പണ്ടേ സമ്മതവുമായിരുന്നു. ' പ്രിയാ മണി പറഞ്ഞു.

2017 ഓഗസ്റ് 23നായിരുന്നു പ്രിയ മണിയും ഇവന്റ് മാനേജ്മന്റ് ബിസ്സിനസ്സ് നടത്തുന്ന മുസ്തഫ രാജും ബംഗളൂരുവിലെ രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായത്. പത്രക്കുറിപ്പിലൂടെ തന്റെ വിവാഹക്കാര്യം അറിയിച്ച പ്രിയ തങ്ങൾ രണ്ടു മതത്തിൽ പെട്ടവരായതിനാൽ രണ്ടു മതവിശ്വാസങ്ങളെയും വ്രണപ്പെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരാകാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിരുന്നു. രജിസ്റ്റർ വിവാഹത്തിന് ശേഷം സഹപ്രവർത്തകർക്കായി ബംഗളൂരുവിൽ വിവാഹ സൽക്കാരവും നടന്നു.

വിവാഹ ശേഷവും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്ന പ്രിയയുടെ പുതിയ കന്നഡ ചിത്രം ധ്വജ പ്രദർശനത്തിനൊരുങ്ങുകയാണ്. ധനുഷ് നായകനായ തമിഴ് ചിത്രം കൊടിയുടെ കന്നഡ റീമെയ്‌ക്ക് ആണ് ധ്വജ.