കൊച്ചി:ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രം ഇതുവരെയും പുറത്ത് ഇറങ്ങിയിട്ടില്ലെങ്കിലും പാട്ടിലെ കണ്ണിറുക്കൽ പ്രിയക്ക് വലിയ അവസരങ്ങളും പ്രശ്‌സതിയുമാണ് നേടിക്കൊടുത്തത്.

ആദ്യ ചിത്രം റിലീസ് ആകും മുമ്പേ തന്നെ ഇതാ താരം ഇപ്പോൾ ബോളിവുഡിലേക്കും പറക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി 19 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ഭഗവാൻ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാർഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.