തിരുവനന്തപുരം: ഇതിൽ പരം ഒരു ഇൻഡ്രൊക്ഷൻ സീൻ വേറെയുണ്ടോ? ഇങ്ങനെയൊക്കെ ആളുകളുടെ മനം കവരാനാകുമോ? ഒറ്റ ഗാനം കൊണ്ട് സൂപ്പർതാരമായി മാറുക. അതാരാണെന്ന കാര്യത്തിൽ സസ്‌പെൻസൊന്നും വേണ്ടല്ലോ! പ്രിയാ വാര്യർ എന്ന പെൺകുട്ടിയാണ് ട്രോളുകളിലെയും വാട്ട്‌സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറിയത്.

കണ്ടവർ കണ്ടവർ മതി വരാതെ വീണ്ടും വീണ്ടും കാണുകയാണ്. പാട്ടിനിടയിലെ പെൺകുട്ടിയുടെ ഭാവപ്രകടനങ്ങൾ. ഇത്രയും നാൾ ഇതിന് വേണ്ടി കാത്തിരുന്നതുപോലെ. പാട്ടിന് കുറേ റീമിക്സുകളും ഇതിനോടകം പുറത്തിറങ്ങി. പാട്ടിലെ രംഗങ്ങൾ കോർത്തിണക്കി പഴയ ഹിറ്റ് പ്രണയഗാനങ്ങൾ പിന്നണിയിൽ ചേർത്തുള്ള റീമിക്സ് വിഡിയോകളും നിരവധി.പാക്കിസ്ഥാനി മാധ്യമങ്ങളിൽ പോലും ഗാനവും പ്രിയാ വാര്യരും ചർച്ചാവിഷയമാണ്.

പാക്കിസ്ഥാനി എന്റർടെയ്‌നേഴ്‌സ പോലുള്ള ഫേസ്ഗ്രുപ്പ് ഗ്രൂപ്പുകൾ പ്രിയയെ ഏറ്റെടുത്തുകഴിഞ്ഞു.അവൾ നിങ്ങലുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് പാക്കിസ്ഥാനി എന്റർടെയ്‌നേഴ്‌സ് ഈ പുതിയ താരത്തെ പരിചയപ്പെടുത്തുന്നത്.
സമ്മിശ്രപ്രതികരണമാണ് വീഡിയോയ്ക്ക് ലഭി്ക്കുന്നത്.കറന്റ് നാഷണൽ ക്രഷ് ഓഫ് ഇന്ത്യ എന്ന് ചിലർ വാഴ്‌ത്തുമ്പോൾ മറ്റുചിലരാകട്ടെ, ചില പെൺകുട്ടികളാകട്ടെ, ചിത്രത്തിലെ ആൺകുട്ടിയാണ് ഹൃദയം അലിയിച്ചുകളഞ്ഞതെന്നും അഭിപ്രായപ്പെടുന്നു.

ഏതായാലും ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലെയും ഇന്റർനെറ്റിലെ താരമാണ് ഈ പുതുമുഖം. ജിമിക്കി കമ്മൽ ഗാനം ഹിറ്റാക്കിയ ഷെറിന് ശേഷം പ്രിയ വാര്യരും തരംഗമായി മാറിക്കഴിഞ്ഞു.പതിവുപോലെ വിമർശകരും രംഗത്തുണ്ട്.ഫേസ്‌ബുക്ക് ഡീആക്ടിവേറ്റ് ചെയ്യാൻ സമയമായെന്നും, ഇത് ശുദ്ധ അസംബന്ധമാണെന്നും മറ്റും മതത്തെ കൂട്ടുപിടിച്ച് പറയുന്നവരും കുറവല്ല.മേക്കപ്പിന്റെ പവർ മറക്കരുതെന്നും പ്രിയയുടെ മേക്കപ്പില്ലാത്ത ചിത്രം കാട്ടി ചില ദോഷൈകദൃക്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലവ്. ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളായി എത്തിയതാണ് പ്രിയ ഉൾപ്പെടെ പാട്ടിൽ കാണുന്ന മിക്കവരും. ചില രംഗങ്ങൾ ഷൂട്ട് ചെയ്ത് കണ്ടപ്പോൾ അവരെ ജൂനിയർ ആർട്ടിസ്റ്റുകൾ ആക്കി ഒതുക്കാൻ കഴിയില്ലെന്ന് ഒമറിനു തന്നെ തോന്നി. അത്രയ്ക്കു രസകരമായിരുന്നു എല്ലാവരുടേയും അഭിനയം. എന്തായാലും ജൂനിയർ ആർട്ടിസ്റ്റുകളായി ഒതുങ്ങേണ്ടവരല്ല ഇവരെന്ന ഒമറിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല.