ഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലെ ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മെറൂൺ നിറമുള്ള ഒരു വെൽവറ്റ് ഗൗണൽ ഗ്ലാമറസായാണ് ഫോട്ടോഷൂട്ടിൽ പ്രിയ എത്തിയിരിക്കുന്നത്. പ്രിയ തന്നെയാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

എന്നാൽ ഫോട്ടോഷൂട്ടിനെ വിമർശിച്ച് സൈബർ സദാചാരവാദികൾ രംഗത്തെത്തി കഴിഞ്ഞു.പ്രിയയുടെ വസ്ത്രധാരണം മോശമാണെന്നും മലയാളി പെൺകുട്ടികൾക്കു ചേർന്നതല്ലെന്നുമാണ് ഇവരുടെ വിമർശനം.

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി.. എന്ന ഗാനത്തിലൂടെയായിരുന്നു പ്രിയ വാര്യർ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. ഇപ്പോൾ ബോളിവുഡ് ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. പൂർണമായും യു.കെയിൽ ചിത്രീകരിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന് ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്.ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.

മോഹൻലാലിനെ നായകനാക്കി 19 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ഭഗവാൻ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.