മുംബൈ: 'ഒരു അഡാറ് ലവ്' സിനിമയിലെ മാണിക്യ മലരായ പൂവി റെക്കോർഡ് ഭേദിച്ച് മുന്നേറുമ്പോൾ വിവാദങ്ങളും പെരുകുകയാണ്. ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണ് ഈ പാട്ടിലെ ചില വരികൾ എന്നാരോപിച്ച് നേരത്തെ ഹൈദരാബാദിൽ കേസ് എടുത്തിരുന്നു. എന്നാൽ ഇപ്പോൾ മുംബൈയിലും ഇത്തരത്തിൽ ഒരു കേസ്് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

മാണിക്യ മലരായ പൂവി മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജൻജാഗരൻ സമിതി എന്ന സംഘടനയാണു മഹാരാഷ്ട്രയിലെ ജിൻസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ പ്രകാശ് വാരിയർ, സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരെ കേസെടുക്കണം എന്നാണാവശ്യം. കേസും വക്കാണവും ഒക്കെ ആയെങ്കിലും യൂട്യൂബിൽ ഹിറ്റായ ഗാനം ഇപ്പോഴും ആരാധകരെ സൃഷ്ടിച്ച് മുന്നേറുകയാണ്.

കണ്ണിറുക്കി കാണിക്കൽ ഹിറ്റായതോടെ ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ചിരിക്കുകയാണ് പ്രിയാ വാര്യർ. ലോകത്തിന്റെ എല്ലാ കോണുകളിലും പ്രിയയ്ക്ക് ഇപ്പോൾ ആരാധകരാണ്. കണ്ണിറുക്കി കാണിക്കലിന് പിന്നാലെ കണ്ണടയ്ക്കൽ കൂടി ഹിറ്റായതോടെ പ്രിയയുടെ ആരാധകർ ദിനം തോറും കൂടി കൂടി വരികയാണ്.

ഹൈദരാബാദിലെ ഫലക്‌നുമ സ്റ്റേഷനിൽ കിട്ടിയ പരാതിയിൽ പറയുന്നത് ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ്. ഈ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തു. വരികളിൽ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയിൽനിന്നു നീക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബിൽനിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻവലിച്ചു. എന്നാൽ ഈ പാട്ട് നീക്കം ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയ പോലും രംഗത്തു വന്നു. യൂട്യൂബം പ്രേക്ഷകരുടെ അഭിപ്രായം തേടി. പാട്ടു നീക്കം ചെയ്യുന്നതിനെ ഭൂരിഭാഗം പേരും എതിർത്തു.

യൂ ട്യൂബിൽ 2.6 കോടി 'കാഴ്ചകളും' പിന്നിട്ടു മുന്നേറുകയാണു മാണിക്യമലരായ പൂവി പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ഇന്റർനെറ്റിലെ പുത്തൻ സെൻസേഷനുമായി.

ബോളിവുഡ് താരം സൽമാൻ ഖാൻ, അല്ലു അർജുൻ, വിക്കി കൗശൽ തുടങ്ങിയ താരങ്ങളും പാട്ട് ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഗാനത്തിനെ പിന്തുണച്ചു ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു.

പി.എം.എ.ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ഉൾപ്പെടെയുള്ളവർ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്‌കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.