കോഴിക്കോട്: നാല് കുഞ്ഞാലി മരയ്ക്കാർമാരെയാണ് ചരിത്രം രേഖപെടുത്തുന്നത്. അതിൽ നാലാമത് നാവിക തലവനായ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ഇതിഹാസ ജീവിതമാണ് പ്രിയദർശൻ വെള്ളിത്തിരയിലെത്തിക്കാൻ ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ എടുക്കുന്നുണ്ടെന്ന് പ്രിയൻ അറിഞ്ഞത്. ഇതിനെതുടർന്ന് മലയാള സിനിമയിൽ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താൻ ഈ പ്രോജക്ടിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് പ്രിയദർശൻ രംഗത്ത് വന്നിരുന്നു.

എന്നാൽ താൻ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്ത് നിൽക്കൂവെന്നും അതിനുള്ളിൽ ആ ചിത്രം യാഥാർഥ്യമായില്ലെങ്കിൽ മോഹൻലാലിനെ വെച്ച് താൻ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദർശൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളി സംവിധായകൻ മനസ്സ് തുറന്നത്.

'മൂന്ന് വർഷം മുൻപും ഈ ചിത്രം ഇവർ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാൽ ഇപ്രാവശ്യം ഞാൻ ആറ് മുതൽ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവർ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കിൽ ഞാൻ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവർ കുഞ്ഞാലി മരയ്ക്കാർ ചെയ്യുന്നുണ്ടെങ്കിൽ ഞാൻ ഇതിൽ നിന്നും പിന്മാറാൻ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയിൽ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങൾ വെറും അനാവശ്യമാണ്'- പ്രിയദർശൻ പറഞ്ഞു.

സമാനമായ ഒരു അവസ്ഥ ബോളിവുഡിൽ ഉണ്ടായതും പ്രിയദർശൻ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഭഗത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച, 2002ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്റെ 23 മാർച്ച് 1931 ഉം വൻ പരാജയമായിരുന്നു. എന്നു മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെ പോലും ബാധിച്ചുവെന്നും ഇതേ അവസ്ഥ മലയാള സിനിമയിൽ ഉണ്ടായിക്കാണാൻ തനിക്ക് താല്പര്യമില്ലെന്നും പ്രിയദർശൻ അറിയിച്ചു.

'സാമൂതിരിമാർക്കെതിരെ പട നയിച്ച് ഒടുവിൽ തൂക്കിലേറ്റപ്പെട്ടവനാണ് കുഞ്ഞാലി മരയ്ക്കാർ നാലാമൻ. കടലിനോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കഥ വികസിക്കുന്നത്, കടലിൽ വെച്ച് ചിത്രീകരണം നടത്താൻ എളുപ്പമല്ല താനും. അന്തർദേശീയ നിലവാരം പുലർത്തുന്ന ചിത്രീകരണത്തോടൊപ്പം മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഭാഷയ്ക്കപ്പുറമുള്ള വലിയൊരു വിഭാഗം പ്രേക്ഷകരെ കൂടി ആകർഷിക്കുന്ന തരത്തിലാണ് ഞാൻ ഈ ചിത്രം ചെയ്യാൻ ഉദ്ദേശിക്കുന്നത്. മലയാളത്തിന് പുറത്തുനിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിലുണ്ടാകും.' - പ്രിയദർശൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.