'ഒപ്പ 'ത്തിന് ശേഷം പ്രിയദർശനും സമുദ്രക്കനിയും വീണ്ടുമൊന്നിക്കുന്നു.സമീപകാലത്തിറങ്ങിയ ജനപ്രിയ ചിത്രങ്ങളിലൊന്നായ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തമിഴ് പതിപ്പിലാണ് സമുദ്രക്കനി വേഷമിടുന്നത്.പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായിട്ടാണ് സമുദ്രക്കനി എത്തുന്നതെന്നാണ് വാർത്തകൾ.

എന്നാൽ പ്രിയദർശനോ സമുദ്രക്കനിയോ ഇതു സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചിട്ടില്ല.നേരത്തെ ഇരുവരും ഒന്നിച്ച മോഹൻലാൽ ചിത്രം 'ഒപ്പം' മലയാളത്തിൽ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.ഏറെക്കാലത്തിന് ശേഷം ഒരു പ്രിയദർശൻ ചിത്രം നേടുന്ന വമ്പൻ വിജയമായിരുന്നു ഒപ്പത്തിന്റേത്.ഇതിൽ സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇതിന് ശേഷം 'ഒപ്പം' മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ പ്രിയദർശൻ ആലോചിച്ചിരുന്നു.പ്രിയദർശനോടൊപ്പം വീണ്ടും ഒരുമിക്കാനുള്ള ആഗ്രഹം സമുദ്രക്കനിയും പലപ്പോഴും പ്രകടിപ്പിച്ചിരുന്നു .അതിനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്.

ഉദയനിധി സ്റ്റാലിനാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷ് ഭാവന എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ജിംസി എന്ന കഥാപാത്രമായി നമിത പ്രമോദ് എത്തുമെന്നാണ് സൂചന.ഒപ്പത്തിന്റെ ക്യാമറമാൻ ഏകാംബരമാണ് 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തമിഴ് പതിപ്പിന്റെയും ഛായാഗ്രഹകൻ.രജനീകാന്ത് ചിത്രമായ കരികാലൻ ഉൾപ്പെടെയുള്ള ചില തമിഴ്ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ സമുദ്രക്കനി.