ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചതോടെ പലയിടത്തു നിന്നും ജൂറി ചെയർമാൻ പ്രിയദർശനെതിരെ വിമർശനം ഉയർന്നിരുന്നു. തന്റെ സുഹൃത്തുക്കളായ അക്ഷയ് കുമാറിനും മോഹൻലാലിനും അവാർഡ് നൽകി എന്നതായിരുന്നു പ്രിയൻ കേട്ട പ്രധാന വിമർശനം. ഇങ്ങനെ വിമർശനം ശക്തമായതോടെ മറുപടിയുമായി പ്രിയൻ രംഗത്തെത്തി. തന്റെ മുൻഗാമികളെ കൂട്ടുപിടിച്ചാണ് പ്രിയന്റെ മറുപടി.

മികച്ച നടനായി അക്ഷയ് കുമാറിനെ കണ്ടെത്തിയതും മോഹൻലാലിന് പ്രത്യേക പരമാർശം നൽകിയതുമൊക്കെ പ്രിയന്റെ താത്പര്യമാണെന്നാണ് വിമർശനം. കഴിഞ്ഞ വർഷം ജൂറി ചെയർമാനായിരുന്ന രമേശ് സിപ്പി അമിതാഭ് ബച്ചനാണ് മികച്ച നടനുള്ള പുരസ്‌കാരം നൽകിയത്. രമേശ് സിപ്പിയുടെ അടുത്ത സുഹൃത്താണ് ബച്ചൻ. അന്ന് അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. മാത്രമല്ല പ്രകാശ് ഷാ ജൂറിയായിരുന്ന സമയത്ത് സുഹൃത്ത് അജയ് ദേവ്ഗണിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അന്നും വിവാദങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എന്തിനാണ് ഇന്ന് ഈ അവാർഡിനെ ചൊല്ലി വിവാദങ്ങളുണ്ടാക്കുന്നത് എന്ന് പ്രിയദർശൻ ചോദിക്കുന്നു.

റസ്റ്റം, എയർലിഫ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അക്ഷയ്ക്ക് പുരസ്‌കാരം നൽകിയത്. അത് ജൂറിയുടെ തീരുമാനമാണ്. ഒരു ചിത്രത്തിലെ പ്രകടനം നാടകീയവും ഒരു ചിത്രത്തിലെ പ്രകടനം റിയലിസ്റ്റിക്കുമായിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. നിയമപ്രകാരം ഒരു ചിത്രത്തിന്റെ പേര് മാത്രമേ നൽകാൻ കഴിയൂ എന്നുള്ളതുകൊണ്ടാണ് റിസ്തം എന്ന ചിത്രത്തിന്റെ പേര് മാത്രം പുരസ്‌കാര പട്ടികയുടെ ലിസ്റ്റിൽ ചേർത്തത് പ്രിയൻ വ്യക്തമാക്കി.

അതേ സമയം മോഹൻലാലിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം നൽകുന്നതിനെ കുറിച്ച് പ്രിയദർശൻ ഒന്നും പ്രതികരിച്ചിട്ടില്ല. പുലിമുരുകൻ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ലാലിന് പുരസ്‌കാരം എന്നാണ് വിശദീകരണം. ഇതിനെതിരെ വ്യാപകമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പുലിമുരുകൻ കൂടാതെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ അഭിനയവും തെലുങ്കിൽ ബ്ലോക്‌ബസ്റ്റർ ഹിറ്റായ ജനത ഗാരേജ് എന്ന ചിത്രത്തിലെ പ്രകടനവും ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം നൽകാൻ കാരണമായി.

മികച്ച മലയാള സിനിമയ്ക്കുൾപ്പടെ ഏഴ് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച ചിത്രം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയെ മികച്ച നടിയായി കണ്ടെത്തി. മികച്ച തിരക്കഥാകൃത്തായി മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാം പുഷ്‌കരനെ കണ്ടത്തി. പീറ്റർ ഹെയിനാണ് മികച്ച കൊറിയോഗ്രാഫർ. കുഞ്ഞു ദൈവം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മാസ്റ്റർ ആദിഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള് പുരസ്‌കാരം ലഭിച്ചു. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിന് വേണ്ടി ജയദേവൻ ചക്കാടത്തിന് മികച്ച സൗണ്ട് ഡിസൈനർക്കുള്ള പുരസ്‌കാരവും ലഭിച്ചു.