തിരുവനന്തപുരം: ലിസ്സിയും പ്രിയദർശനും വീണ്ടും വിവാഹിതരാകുമെന്ന വാർത്തയിൽ ഉറച്ച് മംഗളം. ഇരുവരേയും അടുത്തറിയാവുന്ന ആളാണ് വാർത്ത നൽകിയതെന്നും സാധാരണ ഇത്തരം വാർത്തകൾ തരുന്ന മാന്യ വ്യക്തിയുടെ തീരുമാനങ്ങൾ തെറ്റിയിട്ടില്ലെന്നും മംഗളം സിനിമാ വാരിക ആവർത്തിക്കുകയാണ്. വർഷങ്ങൾക്ക് പിറകിലെ സംഭവങ്ങൾ നോക്കിയാൽ വാർത്തയുടെ യാഥാർഥ്യം മനസ്സിലാകുമെന്നും മംഗളം അവകാശപ്പെടുന്നു. ഇതോടെ പ്രിയദർശൻ-ലിസി പുനർവിവാഹം വീണ്ടും ചർച്ചയാവുകയാണ്.

1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാൻ പലരും ശ്രമിച്ചു. എന്നാൽ ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയൻ പിന്മാറിയെന്ന വാർത്ത മാദ്ധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചിൻ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദർശന് വേണ്ടി വീട്ടുകാർ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകൻ എന്ന നിലയിൽ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയൻ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാർത്ഥ്യമായെന്ന് മംഗളം വീണ്ടും ഓർമിപ്പിക്കുകയാണ്.

അന്നും വളരെ മുമ്പേ ലിസി-പ്രിയൻ വാർത്ത മംഗളം നൽകിയിരുന്നു. അന്ന് അത് വിവാദമായി. പക്ഷേ സത്യം പുറലോകത്ത് അധികം താമസിയാതെ എത്തി. അന്ന് വാർത്ത തന്ന അതേ വ്യക്തിയാണ് ഇവരുടെ പുനർ വിവാഹ വാർത്തയും നൽകിയത്. അതുകൊണ്ട് തന്നെ അത് സത്യമാകുമെന്ന് മംഗളം പറയുന്നു. ഡിസംബറിനുള്ളിൽ കല്ല്യാണം നടക്കുമെന്നം മംഗളം ആവർത്തിക്കുകയാണ്. ഇവരുടെ ഡൈവേഴ്‌സിൽ എന്തെങ്കിലും കള്ളക്കളി നടന്നിരിക്കാമെന്ന ഊഹാപോഹവും വാർത്തിയിലുണ്ട്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണമില്ലെന്ന് വാർത്തയിൽ മംഗളം വ്യക്തമാക്കുന്നുമുണ്ട്. ലിസി-പ്രിയൻ പുനർവിവാഹ വാർത്തിയിൽ മംഗളം ഉറച്ചു നിൽക്കുമ്പോൾ അതിന് സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് സിനിമാ വൃത്തങ്ങളും സൂചന നൽകുന്നത്.

1990ൽ പ്രിയൻ മോശം സിനിമാ കാലത്തെ നേരിട്ടിരുന്നു. അതേ അവസ്ഥ ഇപ്പോഴുമുണ്ട്. പല സിനിമകളും പൊളിയുന്നു. ഹിന്ദിയിൽ പോലും സൂപ്പർ ഡയറക്ടർ എന്ന് പേരെടുത്ത പ്രിയന്റെ സിനിമകൾ ശ്രദ്ധിക്കപ്പെടുന്നു പോലുമില്ല. ഇതിനെല്ലാം കാരണം ലിസിയുമായുള്ള പിണക്കമാണെന്ന് പ്രിയൻ കരുതുന്നുണ്ട്. ഇത് പരിഹരിക്കണമെന്ന് പ്രിയന്റെ അടുത്ത സുഹൃത്തുക്കളും ആവശ്യപ്പെടുന്നു. മക്കളുടെ ഭാവിയും പ്രിയനെ ചിന്തിപ്പിക്കുന്നുണ്ട്. പരിഹരിക്കാനാവാത്ത പ്രശ്‌നമൊന്നും പ്രിയനും ലിസിക്കും ഇടയിലില്ലെന്നാണ് സിനിമാ ലോകത്തെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ മംഗളം വാർത്ത നിഷേധിക്കാൻ അവരും തയ്യാറല്ല.

പ്രിയദർശനും ലിസിയും വേർപിരിഞ്ഞത് ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നാണെന്നും വേറിട്ടു താമസിക്കാൻ ജ്യോതിഷി പറഞ്ഞ കാലാവധി തീരുന്നതോടെ ഈ വർഷം ഡിസംബറിൽ ഇരുവരും പുനർവിവാഹത്തിന് ഒരുങ്ങുന്നെന്നുമായിരുന്നു വാർത്ത്. ഇതനുസരിച്ച് ഡിസംബർ ഒന്ന്, അല്ലെങ്കിൽ 13 തീയതികളിലേതിലെങ്കിലും ഇരുവരുടേയും പുനർവിവാഹം നടക്കുമെന്നും റിപ്പോർട്ട് വന്നു. എന്നാൽ ഇതുസംബന്ധിച്ചു വരുന്ന വാർത്തകളെല്ലാം തെറ്റാണെന്നും പുനർവിവാഹം ഒരിക്കലും നടക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾക്കു വിരാമമിട്ട് ലിസിതന്നെ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

പ്രിയന്റെ ജീവൻ അപകടത്തിലാണെന്നും അദ്ദേഹത്തെ രക്ഷിക്കാനും ജീവിതത്തിൽ സർവൈശ്വര്യങ്ങൾ വരാനും അൽപകാലം വേർപിരിഞ്ഞ് താമസിക്കണമെന്നും ഒരു ജ്യോതിഷി പറഞ്ഞതുപ്രകാരം ലിസി വിവാഹമോചനത്തിന് തീരുമാനമെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇക്കാര്യം പ്രിയൻ അറിയരുതെന്നും ജ്യോതിഷി ആവശ്യപ്പെട്ടിരുന്നത്രെ. ഏതായാലും ലിസിയില്ലാതെ ജീവിക്കാനാവില്ലെന്ന് പ്രിയൻ തുറന്നുപറയുകകൂടി ചെയ്ത സാഹചര്യത്തിൽ ഈ വർഷം ഡിസംബർ ഒന്ന് അല്ലെങ്കിൽ ഡിസംബർ 13 തീയതികളിൽ ഏതിലെങ്കിലും ഇരുവരുടേയും പുനർവിവാഹം നടക്കുമെന്നായിരുന്നു വാർത്ത

എന്നാൽ ഇത്തരം വാർത്തകളെല്ലാം തെറ്റാണെന്നും പ്രിയനെ വീണ്ടും വിവാഹംകഴിക്കുന്ന പ്രശ്‌നമേയില്ലെന്നും പറഞ്ഞ് ലിസി ഫേസ്‌ബുക്ക് പോസ്റ്റ് നൽകുകയായിരുന്നു. ഞാനും പ്രിയദർശനും തമ്മിൽ വീണ്ടും ഒരുമിക്കുതിനെക്കുറിച്ചും ഞങ്ങളുടെ വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ കാണുന്നു. ഇതൊരിക്കലും സംഭവിക്കില്ല. വിവാഹമോചനത്തിനിടയാക്കിയ കാരണങ്ങൾ എന്റെ കുഞ്ഞുങ്ങൾക്കും ബഹുമാനപ്പെട്ട കോടതിക്കും പ്രിയദർശനും വ്യക്തമായി അറിയാം. ലിസി പറയുന്നു. മാദ്ധ്യമരംഗത്തെ നിരവധിപേർ സമീപിച്ചിട്ടും താൻ നിശബ്ദത പാലിക്കുകയായിരുന്നെന്നും ലിസി തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇരുവർക്കും 'കലിബാധ' മാറിയതിനാൽ ഇവർ നേരത്തെ വിവാഹവും ഇപ്പോൾ വിവാഹമോചനവും നേടിയ ഡിസംബർ മാസംതന്നെ തന്നെ വീണ്ടും ഒരുമിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നെന്നായിരുന്നു റിപ്പോർട്ട്. 1990 ഡിസംബർ 13നാണ് മുമ്പ് പ്രിയനും ലിസിയും ഒരുമിച്ചത്. അക്കാലത്ത് പ്രിയൻ ചിത്രങ്ങളിലുൾപ്പെടെ നിറഞ്ഞുനിന്ന നായികയായിരുന്നു ലിസി. എന്നാൽ അന്ന് ഇരുവരുടേയും വിവാഹം മുടങ്ങുമെന്ന ഘട്ടംവന്നതോടെ ലിസി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നതും ചരിത്രം. തുടർന്ന് പ്രിയൻ ചിത്രങ്ങൾ തിരിച്ചടി നേരിട്ടതോടെ അത് ലിസിയുടെ ശാപമാണെന്നുവരെ വാർത്തകൾ പരന്നു.

അക്കാലത്ത് അതിന് കാരണം തേടിച്ചെന്ന പ്രിയനും ജ്യോതിഷികളുടെ ഉപദേശം ലിസിയെ കൂടെ കൂട്ടിയാൽ എല്ലാം മംഗളമാകും എന്നായിരുന്നു. അങ്ങനെ വീണ്ടും ഒരുമിച്ച ഇരുവരും വിവാഹിതരായി. പ്രിയൻ ചിത്രങ്ങൾ വച്ചടിവച്ചടി മുന്നേറി. ഉയരങ്ങൾ കീഴടക്കിയ പ്രിയദർശൻ എന്ന മലയാള സിനിമാ സംവിധായകൻ പിന്നീട് പരസ്യ ചിത്രങ്ങളിലൂടെയും അന്യഭാഷാ ചിത്രങ്ങളിലൂടെയും മുന്നേറി. ഹിന്ദി സിനിമാ ലോകത്തെ ഹിറ്റ്‌മേക്കർവരെ ആയി. അങ്ങനെ ലിസി പ്രിയന്റെ ഭാഗ്യതാരമായി തുടരുന്നതിനിടെയാണ് ദാമ്പത്യത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുംമുമ്പ് ഇരുവരും അകലുന്നത്. സിനിമാലോകത്തെ നിരവധി സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

പ്രിയൻ തനിക്ക് ലിസിയെ വേർപിരിയാൻ ആകില്ലെന്ന് അന്നേ പറഞ്ഞെങ്കിലും ലിസി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അങ്ങനെ 2014 ഡിസംബർ ഒന്നിന് ഇരുവരും നിയമപ്രകാരം വിവാഹമോചിതരായി. താനും ഭാര്യ ലിസിയും തമ്മിൽ പിരിഞ്ഞതിന് ഒരേയൊരു കാരണം മാത്രമേയുള്ളുവെന്ന് പ്രിയദർശൻ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുനർവിവാഹ വാർത്ത വീണ്ടും ചർച്ചകളിൽ എത്തുന്നത്.