ലണ്ടൻ: മെയ്‌ മാസത്തിൽ നടന്ന ഹാരി രാജകുമാരന്റെയും മേഗൻ മാർകിളിന്റെ വിവാഹത്തിൽ പങ്കെടുത്തതിലൂടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രാജകീയ വിവാഹത്തിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്ര്യൂ രാജകുമാരന്റെ മകൾ യൂജിൻ രാജകുമാരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക വീണ്ടും യുകെയിലെത്തിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ന് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുന്നതിനുള്ള വിരുന്നു കാരിയായിട്ടാണ് പ്രിയങ്ക ഇന്നലെ ഹീത്രൂ വിമാനത്താവളത്തിറങ്ങിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ഗംഭീരമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പ്രിയങ്കയില്ലാതെ ബ്രിട്ടീഷ് രാജകുടുംബത്തിൽ എന്ത് വിവാഹം..? എന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

വളരെക്കാലമായി മേഗനുമായി സൗഹൃദബന്ധം പുലർത്തുന്ന പ്രിയങ്ക ആ വഴിയാണ് യൂജിന്റെയും ചങ്ങാതിയായി മാറുകയായിരുന്നു. ഇതിനെ തുടർന്നാണ് വിൻഡ്സർ കാസിലിലെ വിവാഹത്തിന്റെ ഗസ്റ്റ് ലിസ്റ്റിൽ പ്രിയങ്ക ഇടം പിടിച്ചിരിക്കുന്നത്. ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് മുന്നോടിയായി എൻഗേജ് മെന്റ് കഴിഞ്ഞിരിക്കുകയാണ് പ്രിയങ്ക. ഡാർക്ക് ഗ്രീൻ ജമ്പർ, അതിന് മേൽ കാക്കി ട്രൗസേർസ്, ടോപ്പിന് മേൽ ട്വീഡ് ജാക്കറ്റ് എന്നിവ ധരിച്ചാണ് പ്രിയങ്ക ഹീത്രുവിൽ ഇറങ്ങിയിരിക്കുന്നത്. വൈറ്റ് ആങ്കിൾ ബൂട്ടുകളും അവർ ധരിച്ചിരുന്നു.

വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ വച്ചാണ് യൂജിൻ ജാക്ക് ബ്രൂക്സ് ബാങ്കിനെ വിവാഹം കഴിക്കുന്നത്. ഇതിൽ പ്രിയങ്ക അടക്കം 850 അതിഥികളായിരിക്കും പങ്കെടുക്കുന്നത്. അതിഥികളായി ഹാരിയും മേഗനും വില്യം രാജകുമാരനും കേയ്റ്റും , എലിസബത്ത് രാജ്ഞിയും മറ്റ് നിരവധി രാജകീയ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ദി റോയൽ ചാനൽ , ദി ഡ്യൂക്ക് ഓഫ് യോർക്ക്സ് യൂട്യൂബ് ചാനലുകളിലൂടെയും ലോകമാകമാനമുള്ള മില്യൺ കണക്കിന് പേർ വിവാഹം കാണുന്നതായിരിക്കും. ഇതിന് പുറമെ രാജകുടുംബത്തിന്റെയും ആൻഡ്ര്യൂ രാജകുമാരന്റെയും ഫേസ്‌ബുക്ക് പേജുകളിലൂടെയും ഈ വിവാഹം ലോകം ദർശിക്കും.

ഇതിന് പുറമെ വിവാഹം ഐടിവി മൂന്ന് മണിക്കൂർ നേരം ലൈവായി സംപ്രേഷണം ചെയ്യും. എമ്മോൻ ഹോംസ്, റുത്ത് ലാൻഗ്സ്ഫോർഡ് എന്നിവരായിരിക്കും ഇതിന്റെ അവതാരകർ. വിവാഹത്തിന് മുന്നോടിയായി ഭാവി വധൂവരന്മാർ ഇന്നലെ തന്നെ വിൻഡ്സറിലെത്തിയിരുന്നു. ബ്രിട്ടീഷ് സമയം രാവിലെ 11 മണിക്കാണ് വിൻഡ്സർ കാസിലിലെ സെന്റ്.ജോർജ് ചാപെലിൽ വച്ച് വിവാഹം ആരംഭിക്കുന്നത്. തുടർന്ന് രാജ്ഞി ആതിഥേയത്വം വഹിക്കുന്ന വിരുന്നും അരങ്ങേറും. വിരുന്നിനായി ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖർ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനായി വിൻഡ്സർ പാലസ് എല്ലാ അർത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.