ന്യൂഡൽഹി: സംസ്ഥാനത്തെ ചലച്ചിത്രമേളയിൽ നിന്നു തഴഞ്ഞ പ്രിയമാനസം ഇന്ത്യൻ പനോരമയിലേക്ക്. വിനോദ് മങ്കര സംവിധാനം ചെയ്ത ഈ സംസ്‌കൃത ചിത്രത്തിനു പുറമെ മലയാളത്തിൽ നിന്നു നാലു ചിത്രങ്ങളും പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ജയരാജിന്റെ ഒറ്റാൽ, ബാഷ് മുഹമ്മദിന്റെ ലുക്കാച്ചുപ്പി, ഡോക്ടർ ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, സിദ്ധാർത്ഥ് ശിവയുടെ ഐൻ എന്നിവയാണ് ഫീച്ചർ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാൽപത്തിയാറാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്ന മലയാള ചിത്രങ്ങൾ.

മാത്യു ബ്രൗണിന്റെ ദ മാൻ ഹു നോ ഇൻഫിനിറ്റി ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ് പ്രിയമാനസം. ഉണ്ണായി വാര്യരുടെ ജീവിതത്തിലൂടെ നളചരിത്രം കഥപറയുന്ന പ്രിയമാനസം സംസ്ഥാന ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഹ്രസ്വ ചിത്ര വിഭാഗത്തിൽ ആശാ അച്ചി ജോസഫിന്റെ ഒരേ ഉടലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഉദ്ഘാടന ചിത്രമായ ദ മാൻ ഹു നോ ഇൻഫിനിറ്റി. മേളയിലിടം പിടിച്ച രണ്ട് മലയാള ചിത്രങ്ങളും ദേശീയ അവാർഡ് കരസ്ഥമാക്കിയവയാണ്. ലോക സിനിമാ വിഭാഗത്തിൽ 89 രാജ്യങ്ങളിൽ നിന്നായി 187 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമാ മത്സരവിഭാഗത്തിലേക്കുള്ള 15 ൽ രണ്ട് ഇന്ത്യൻ സിനിമകളും ഉണ്ട്. ഇന്ത്യ ഫീച്ചർ വിഭാഗത്തിൽ 26 ഉം ഹ്രസ്വചിത്രങ്ങളുടെ വിഭാഗത്തിൽ 21 സിനിമകളും മേളയിൽ എത്തും . ഈ മാസം 20 മുതൽ 30 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അനിൽ കപൂറായിരിക്കും മുഖ്യാതിഥി.