കോട്ടയം: മലയാളം ചാനൽ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവു ഹിറ്റായ ഷോ ഏതെന്ന് ചോദിച്ചാൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ തന്നെയാണെന്ന് ആരും പറയും. മികച്ച ഗായകരെ കണ്ടെത്താൻ ചാനൽ നടത്തിയ റിയാലിറ്റി ഷോ ഒരുകാലത്ത് പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഷോയായിരുന്നു. ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കൊപ്പം തന്നെ ഇവരുടെ ഗാനത്തെ വിലയിരുത്തി ജഡ്ജിമാർ പറയുന്ന അഭിപ്രായങ്ങളും കേൾക്കാൻ ആകാംക്ഷയോടെയാണ് അന്ന് പ്രേക്ഷകർ കാത്തിരുന്നത്. വിധികർത്താക്കളുടെ രൂപത്തിൽ ഗായൻ എം ജി ശ്രീകുമാരും, സംഗീത സംവിധായകരായ ശരത്തും ജയചന്ദ്രനുമൊക്കെ തിളങ്ങി. സൗമ്യമായി അഭിപ്രായം പറഞ്ഞ് ഗായിക ചിത്രയും അന്ന് ശോഭിച്ചിരുന്നു. അന്ന് പാട്ടിലെ കുറവുകളെ കുറിച്ച് പറയൻ 'സംഗതി പോരാ' എന്ന പറയുന്ന എം ജി ശ്രീകുമാറും ശരത്തിന്റെയും അഭിപ്രായപ്പങ്ങളെ കാണികളും വിലയിരുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സംഗതി പോരാ എന്ന് പറയുന്ന റിയാലിറ്റി ഷോ ജഡ്ജിമാരുടെ കാലം കഴിഞ്ഞിരിക്കയാണ്. മറിച്ച് മത്സരാർത്ഥികളെ പോലെ പ്രസരിപ്പ് പ്രകടിപ്പിക്കവരെയാണ് ഇന്ന് പ്രേക്ഷകർക്ക് ഇഷ്ടം.

ഐഡിയ സ്റ്റാർ സിംഗർ എന്ന പോലെ റിയാലിറ്റി ഷോ രംഗത്ത് ഹിറ്റായിരിക്കുന്ന പരിപാടിയാണ് മഴവിൽ മനോരമയുടെ ഡി 4 ഡാൻസ്. യുവപ്രേക്ഷകരെ ആകർഷിക്കുന്ന ഈ റിയാലിറ്റി ഷോയിലൂടെ നടി പ്രിയമണിക്ക് അവാർഡ് പോലും ലഭിച്ചു. പരിപാടിയിലെ വിധികർത്താവാണ് പ്രിയാമണി. സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌ക്കാരം വരെ നേടിയ പ്രിയമണിക്ക് മിനിസ്‌ക്രീനിലെ സെലബ്രിറ്റി ജഡ്ജിനുള്ള അവാർഡ് നൽകിയത് ഏഷ്യാവിഷനാണ്. ഇന്ത്യൻ സിനിമയിലെ നൃത്ത സംവിധായകനായ പ്രസന്ന മാസ്റ്റർ, ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോ അംഗവും, പ്രശസ്ത നർത്തകൻ ടെറൻസ് ലൂയീസിന്റെ ശിഷ്യനുമായ നീരജ് ബവ്‌ലേച്ചയും ഡി ഫോർ ഡാൻസിന്റെ വിധികർത്താക്കൾ. ഇവർക്കൊപ്പമാണ് പ്രിയമണിയും വിധികർത്താവാകുന്നത്.

അൽപ്പസ്വൽപ്പം അഭിനയവും ഡ്രാമയും കളിചിരിയും എല്ലാം ഒത്തുചേർന്നാണ് ഡി ഫോർ ഡാൻസ്. ജഡ്ജിമാരുടെ റോളും അതുകൊണ്ട് ഈ പരിപാടിയിൽ വ്യത്യസ്തമാകുന്നു. ഇംഗ്ലീഷും, തമിഴും മലയാളവും എല്ലാ ചേർത്തുകൊണ്ട് കുഴഞ്ഞുമറിഞ്ഞൊരു നിരീക്ഷണം. പ്രേക്ഷകരെ ആകാംക്ഷയിൽ ആക്കി മാർക്കിടൽ ഇവയൊക്കെയാണ് ഈ റിയാലിറ്റി ഷോയിൽ പ്രിയാമണിയെ പ്രേക്ഷർകർക്ക് ഇഷ്ടമാകാൻ കാരണം. ഇങ്ങനെ നടിയുടെ വിവിധ മേന്മകൾ കോർത്തിണക്കികൊണ്ടാണ് താരത്തിന് സെലബ്രിറ്റി ജഡ്ജിനുള്ള അവാർഡും ഏഷ്യാവിഷൻ നൽകിയത്.

വിധികർത്താക്കളും അവതാരകരും മത്സരാർഥികളും തമ്മിലുള്ള അതീവ സൗഹൃദം ഡി ഫോർ ഡാൻസിന്റെ വേദിയിൽ കാണാൻ സാധിക്കും. ഈ ഷോയിലെ മത്സരാർത്ഥികളെക്കാൾ ശ്രദ്ധ നേടിയ മറ്റൊരു വ്യക്തിയുമുണ്ട്. അത് ഗോവിന്ദ് പത്മസൂര്യയാണ്. ഷോയിലെ അവതാരക വേഷത്തിലൂടെ ഗോവിന്ദ് പത്മസൂര്യ സിനിമയിലേക്കുള്ള വഴിയും തുറന്നു. ഇന്ന് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന അവതാരകരുടെ കൂട്ടത്തിലാണ് ജി പി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ സ്ഥാനവും. പരിപാടിയിലെ അവതാരികയായി എത്തിയ ജുവൽ മേരിയും സിനിമയിലേക്ക് ചുവടുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായാണ് ജുവൽ മേരിയുടെ സിനിമാപ്രവേശം.