ന്യൂഡൽഹി: മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്നു സൂചന നല്കിയ പ്രിയങ്ക ഗാന്ധിക്കെതിരേ സ്ത്രീവിരുദ്ധ പരാമർശവുമായി ബിജെപി എംപി വിനയ് കത്യാർ. എന്നാൽ വിനയ് കത്യാറിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് പ്രിയങ്ക നല്കിയത്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയതിനു പിന്നാലെയായിരുന്ന കത്യാരുടെ പ്രതികരണം. പ്രിയങ്ക അത്രയ്ക്ക് സുന്ദരിയൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിലും സുന്ദരികളായ ബിജെപിയുടെ നേതാക്കൾ ഉത്തർപ്രദേശിലുണ്ട്. സിനിമാ നടികളും കലാകാരികളുമായ സുന്ദരികളാണ് ങ്ങളോടൊപ്പമുള്ളതെന്നും കത്യാർ പറഞ്ഞു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അടക്കം പരാമർശിച്ചായിരുന്നു കത്യാറിന്റെ പ്രസ്താവന. സുന്ദരിയായ സ്മൃതി ഇറാനി ചെല്ലുന്നിടത്തെല്ലാം വൻ ജനാവലി ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കത്യാറിന്റെ പ്രസ്താവനയ്ക്ക് ചിരിച്ചുകൊണ്ടാണ് പ്രിയങ്ക മറുപടി നല്കിയത്. ഇന്ത്യയിലെ സ്ത്രീജനങ്ങളോട് ബിജെപിക്കുള്ള മനോഭാവമാണ് പരാമർശം വ്യക്തമാക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

തന്നെപ്പോലുള്ള സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടാണിത്. വളരെ കഷ്ടപ്പെട്ട് ഉയർന്ന സ്ഥാനങ്ങളിലെത്തുന്ന സ്ത്രീകളെയും ഈ രീതിയിലാണ് അവർ തരം തിരിക്കുന്നത്. ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും പ്രയങ്ക പറഞ്ഞു.മാദ്ധ്യമപ്രവർത്തകയായായ തവ്ലീൻ സിങ്ങ് അരൂരാണ് പ്രിയങ്കയുടെ പ്രതികരണം ട്വീറ്റ് ചെയ്തത്.