- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരം കഞ്ചാവടി; ലഹരി തലയ്ക്ക് പിടിച്ചാൽ പിന്നെ ക്രൂര മർദ്ദനവും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനവും; വട്ടപ്പാറ സ്റ്റേഷനിൽ പരാതി കൊടുത്ത ശേഷം പ്രിയങ്കയോട് ഫോണിൽ സംസാരിച്ച വില്ലൻ ആര്? തല്ലുന്നുവെന്ന് പരാതി കൊടുത്തിട്ടും ഒത്തുതീർപ്പാക്കിയ അങ്കമാലി പൊലീസും; വെമ്പായത്തെ ആത്മഹത്യയിൽ നീതിക്കായി വിഷ്ണു നിയമ പോരാട്ടത്തിന്
തിരുവനന്തപുരം; വെമ്പായത്തെ പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർത്താവും നടനുമായ ഉണ്ണി പി ദേവ് എന്ന നിലപാടിൽ ഉറച്ച് ബന്ധുക്കൾ. രാഷ്ട്രീയ ബന്ധങ്ങൾ ഏറെയുള്ള എലഗന്റ് ബിനോയിയുടെ ഭാര്യയുടെ സഹോദരനാണ് ഉണ്ണി. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ മരണത്തിൽ നീതി കിട്ടുമോ എന്ന സംശയം ഇവർക്കുണ്ട്. ഏതറ്റം വരേയും പോയി പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം. അനശ്വര നടൻ രാജൻ പി ദേവിന്റെ മകനായ ഉണ്ണിയും നടനെന്ന നിലയിൽ പേരെടുത്തിരുന്നു.
ഉണ്ണി പി ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നെന്നും സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ സഹോദരൻ ആരോപിച്ചിട്ടുണ്ട്. മാനസികശാരീരിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് മരിച്ച പ്രിയങ്കയുടെ സഹോദരൻ വിഷ്ണു ആരോപിച്ചു. 'അനിയത്തി വിളിച്ചത് അനുസരിച്ച് താൻ ചെന്നു വിളിച്ചുകൊണ്ടു വരികയായിരുന്നു. അന്നു വൈകിട്ടുതന്നെ വട്ടപ്പാറയിലെ സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. പിറ്റേന്നാണ് ആത്മഹത്യ ചെയ്തത്. മുറിവിൽ കടിച്ച പാടും നീരും ഒക്കെ അവൾ കാണിച്ചുതന്നിരുന്നു' വിഷ്ണു പറയുന്നു. കഞ്ചാവടിച്ച് മൂക്കുമ്പോഴായിരുന്നു ഉണ്ണി പ്രശ്നമുണ്ടാക്കിയിരുന്നതെന്നും വിഷ്ണു പറയുന്നു.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. അങ്കമാലിയിൽ ആയിരുന്നു ഇവർ വിവാഹശേഷം ജീവിച്ചിരുന്നത്. നാല് അഞ്ച് മാസമേ ആയിട്ടുള്ളൂ ഇത്തരത്തിൽ ഉപദ്രവം തുടങ്ങിയിട്ടെന്നാണ് വിഷ്ണു പറയുന്നത്. പണം ആവശ്യപ്പെട്ടും മറ്റുമായിരുന്നു ഉപദ്രവം തുടങ്ങിയത്. ഇക്കഴിഞ്ഞ 10നാണ് അങ്കമാലിയിലെ വീട്ടിൽനിന്ന് പ്രിയങ്ക സഹോദരനെ വിളിച്ചത്. ഉപദ്രവിക്കുന്നുവെന്നും ഇറക്കിവിടുന്നുവെന്നും വിളിച്ചു പരാതി പറഞ്ഞു. തന്നെ കൂട്ടിക്കൊണ്ടുപോകണം എന്നും ആവശ്യപ്പെട്ടു. 11ാം തീയതി രാവിലെ തന്നെ സഹോദരൻ എത്തി പ്രിയങ്കയെ കൂട്ടിക്കൊണ്ടുവന്നു. വരുന്നവഴിയാണ് വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്.
തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി അങ്കമാലി പൊലീസിനേയും 10-ാം തീയതി അറിയിച്ചിരുന്നു. അവർ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞുതീർത്തിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരന്റെ കൂടെ പ്രിയങ്ക പോന്നത്. 12നാണ് ഉച്ചയോടെ വീട്ടിലെ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വട്ടപ്പാറ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രിയങ്കയും ഭർത്താവ് ഉണ്ണിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നോ എന്ന കാര്യത്തിൽ വീട്ടുകാർക്ക് സംശയം ഉണ്ട്.
തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയോടെ വെമ്പായത്തുള്ള സ്വന്തം വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുൻപേ വട്ടപ്പാറ പൊലീസിൽ നൽകിയ പരാതിയിലും പറയുന്നുണ്ട്. പ്രിയങ്കക്ക് ഭർത്ത്വീട്ടിൽനിന്ന് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.
പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിൽ ഉണ്ണി പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ