നെടുമങ്ങാട്: നടൻ ഉണ്ണി രാജൻ പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ പൊലീസ് തുടക്കംമുതലേ അനാസ്ഥകാട്ടിയെന്ന് പ്രിയങ്കയുടെ അമ്മ ജയയുടെ പരാതി. ഉണ്ണി രാജൻ പി.ദേവിന്റെ അമ്മയായ കേസിലെ രണ്ടാംപ്രതി ശാന്തമ്മയുടെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്ന കാര്യത്തിൽ ചില ഉന്നത ഇടപെടലുകൾ ഉണ്ടായെന്നു കാട്ടിയാണ് ജയ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. കേരളാ കോൺഗ്രസ് സക്‌റിയാ തോമസ് വിഭാഗം നേതാവായ ബിനോയിയുടെ ഭാര്യാ മാതാവാണ് ശാന്തമ്മ. ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കുന്ന ബിനോയിക്ക് ഉന്നത ബന്ധങ്ങളുണ്ട്. കൊച്ചിയിലെ എലഗന്റ് ബാറിന്റെ ഉടമ കൂടിയാണ് ബിനോയ്.

കൊല്ലത്തെ വിസ്മയയുടെ മരണം വിവാദമായതോടെ വീണ്ടും പൊലീസ് ശാന്തമ്മയുടെ അറസ്റ്റ് നടപടിയിലേക്കു നീങ്ങിയിട്ടുണ്ട്. എന്നാൽ കേസ് അട്ടിമറിക്കാനുള്ള എല്ലാം പൊലീസ് ചെയ്തു കൊടുത്തിട്ടുണ്ട്. പ്രിയങ്കയ്ക്ക് മുമ്പൊരു കാമുകനുണ്ടെന്നാണ് ഉണ്ണി പി രാജൻ പി ദേവ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിൽ പ്രിയങ്കയുടെ കുടുംബവും സ്ഥിരീകരണം നൽകി. ഇതിനൊപ്പം കാട്ടക്കടയിലെ ഗുണ്ടാ നേതാവായ പഴയ കാമുകന്റെ അച്ഛന്റെ മൊഴിയും പൊലീസ് എടുത്തു. അതിന് ശേഷം ഇത് അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറിയിലും ഉൾപ്പെടുത്തി. കാമുകനെ കുറിച്ചും പഴയ ഒളിച്ചോട്ടത്തെ കുറിച്ചും അറിഞ്ഞ് താൻ ഞെട്ടിയെന്നും അത് ചോദിച്ചപ്പോൾ വൈലന്റായി പ്രിയങ്കയാണ് തന്നെ ആക്രമിച്ചതെന്നും ഉണ്ണി മൊഴി നൽകി. ഇതിനെ പ്രതിരോധിക്കാനുള്ള ചെറുത്ത് നിൽപ്പാണ് താനും അമ്മയും നടത്തിയതെന്നാണ് ഉണ്ണിയുടെ മൊഴി.

കേസ് ഡയറിയിൽ കാട്ടക്കട വിഷ്ണുവുമായുള്ള ബന്ധം പൊലീസ് സ്ഥിരീകരിച്ചതു കൊണ്ട് തന്നെ ഉണ്ണിക്ക് ജാമ്യവും കിട്ടി. ഇതേ ന്യായവുമായി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാനാണ് രാജൻ പി ദേവിന്റെ ഭാര്യയുടെ ശ്രമം. ഈ കേസിലെ അട്ടിമറികളെ കുറിച്ച് മറുനാടൻ വ്യക്തമായി റിപ്പോർട്ട് ചെയ്തിരുന്നു. ബിനോയിയുടെ ഉന്നത ബന്ധങ്ങളും വെളിച്ചത്തുകൊണ്ടു വന്നു. ഇതോടെയാണ് പൊലീസ് ശാന്തമ്മയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായി വരുത്തി തീർത്തത്. എന്നാൽ എലഗന്റ് ബിനോയിയുമായുള്ള ഒത്തുകളിയാണ് ഇതെന്ന് വ്യക്തമാണ്. സിനിമാ കൂടുംബാംഗമായ ശാന്തമയ്ക്ക് മുൻകൂർ ജാമ്യം കിട്ടാനുള്ള പഴുതുകൾ കേസ് ഡയറിയിൽ തന്നെയുണ്ട്.

ശാന്തമ്മയെ അറസ്റ്റുചെയ്യാൻ നെടുമങ്ങാട് പൊലീസ് കൊച്ചിയിലെത്തിയെങ്കിലും പിടികൂടാനായില്ല. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി രാജൻ പി. ദേവിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ പാലോട് സിഐ. മനോജ്, നെടുമങ്ങാട് എസ്‌ഐ. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസെത്തിയത്. പുലർച്ചെ ശാന്തമ്മയുടെ കറുകുറ്റിയിലെ വീട്ടിൽ പൊലീസെത്തിയെങ്കിലും വീട് പൂട്ടിയനിലയിലായിരുന്നു. സമീപത്തെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധിച്ചു. തുടർന്ന് തൃപ്പൂണിത്തുറയിലെ മകളുടെ വീട്ടിലും കാക്കനാട്ടെ ഫ്‌ളാറ്റിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശാന്തമ്മയുടെ മൊബൈൽഫോൺ സ്വിച്ച്ഓഫ് ചെയ്തനിലയിലാണ്.

മെയ്‌ 12-നാണ് വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ജെ. പ്രിയങ്ക (25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂളിലെ കായികാധ്യാപികയായിരുന്നു പ്രിയങ്ക. പൊലീസിൽ പ്രിയങ്ക നേരിട്ടെത്തി ഗാർഹിക പീഡനത്തിൽ പരാതി നൽകിയിരുന്നു. അതിന് ശേഷമാണ് ആത്മഹത്യ. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ അമ്മ നീതിക്കായി പോരാട്ടം നടത്തുന്നത്. വിസ്മയയുടെ മരണത്തോടെ ഈ കേസിനും പുതിയ മാനം കൈവരുകയായിരുന്നു. അതുകൊണ്ടാണ് പൊലീസ് ഇടപെടൽ നടത്തുന്നത്.

തന്റെ മകൾ ഭർതൃഗൃഹത്തിൽ ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങിയതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. പല ദിവസവും മർദ്ദിച്ചശേഷം വീടിനു പുറത്താക്കി വാതിലടച്ചിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പലപ്പോഴും ഉണ്ണി ആവശ്യപ്പെട്ട പണം നൽകി. ഏറ്റവുമൊടുവിൽ മെയ്‌ 10-ന് ശരീരമാസകലം അടിയേറ്റ പാടുകളോടെയാണ് പ്രിയങ്ക വീട്ടിലെത്തിയത്. അന്നുതന്നെ വട്ടപ്പാറ സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസിന്റെ നിർദ്ദേശപ്രകാരം കന്യാകുളങ്ങര ആശുപത്രിയിലെത്തി ചികിത്സതേടി. ഈസമയമെല്ലാം ഉണ്ണി ഫോണിലൂടെ വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിൽ മനംനൊന്താണ് അടുത്ത ദിവസം പ്രിയങ്ക ആത്മഹത്യചെയ്തത്. എന്നാൽ, രണ്ടാഴ്ചയ്ക്കു ശേഷമാണ് ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റുചെയ്തത്.

രണ്ടാം പ്രതി ശാന്തമ്മ കോവിഡ് പോസിറ്റീവായതിനാൽ അറസ്റ്റ് നീളും എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും ശാന്തമ്മയെ അറസ്റ്റു ചെയ്യുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. കോവിഡ് ബാധിച്ച പ്രതിയെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കാനോ കാവലേർപ്പെടുത്താനോ പൊലീസ് തയ്യാറായില്ല. ഇത് ശാന്തമ്മയ്ക്ക് ഒളിവിൽപ്പോകാൻ സഹായകമായെന്ന് ജയ ആരോപിക്കുന്നു. തുടർന്നാണ് മകളുടെ മരണത്തിൽ നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകിയത്.