ബോളിവുഡിലും കോളിവുഡിലും ഹോളിവുഡിലെയും നടിമാർക്ക് സിനിമാ രംഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങൾ പുറത്ത് വരുന്നതിനിടെ നടി പ്രിയാങ്കാ ചോപ്രയുടെ അമ്മയും സിനിമയിലെ മോശം അനുഭവങ്ങൾ പങ്ക് വച്ചിരിക്കുകയാണ്.ഡെക്കാൻ ക്രോണിക്കലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ കാലത്തെ കുറിച്ച് അമ്മ മധു ചൊപ്ര പറഞ്ഞത്.

പ്രിയങ്ക 17ാം വയസ്സിലാണ് സിനിമയിൽ എത്തുന്നത്. അന്ന് മുതൽ മൂന്ന് വർഷം മുൻപ് വരെ എല്ലായ്‌പ്പോഴും അവളുടെ കൂടെ തന്നെയുണ്ട്. ആളുകൾ കഥ പറയാൻ വേണ്ടി അവളെ സമീപിക്കുമ്പോൾ എന്നെ മാറ്റി നിർത്താൻ പറയും. എന്നാൽ അവൾ അവരോട് പറഞ്ഞിരുന്നത് എന്റെ അമ്മക്ക് കേൾക്കാൻ കഴിയാത്ത കഥയാണെങ്കിൽ അതെനിക്ക് ചെയ്യാൻ കഴിയില്ല എന്നാണ്. അങ്ങനെ അത് ഉപേക്ഷിക്കും. അതിൽ അഭിമാനമെ ഒള്ളുവെന്നും മധു ചോപ്ര വ്യക്തമാക്കി.അതേസമയം, ഹോളിവുഡിൽ ഒന്നും തന്നെ പ്രിയങ്കക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നും അവർ വ്യക്തമാക്കി.

'ഒരിക്കൽ ഒരു ഡിസൈനർ സംവിധായകന്റെ നിർദേശ പ്രകാരം വളരെ ഇറക്കം കുറഞ്ഞ വസ്ത്രം കൊണ്ട് വന്നു. ഒരു ലോക സുന്ദരി ക്യാമറക്ക മുന്നിൽ സ്വയം ശരീരം പ്രദർശിപ്പിക്കാതിരുന്നാൽ എങ്ങനാ എന്നായിരുന്നു അയാളുടെ കാഴ്ചപ്പാട്. പ്രിയങ്ക ആ സിനിമ ഉപേക്ഷിച്ചു. ഇത്തരം കാരണം മൂലം പത്ത് ചിത്രങ്ങളാണ് അവൾക്ക നഷ്ടമായത്. പക്ഷേ അവൾ അത് കാര്യമാക്കിയില്ല.' മധു ചൊപ്ര പറയുന്നു

അടുത്തിടെ ജോലിസ്ഥലത്തെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രിയങ്ക ചോപ്ര ഉയർത്തിക്കാണിച്ചിരുന്നു. അമേരിക്കയിലെ നിർമ്മാതാവ് ഹാർവെ വെയിൻസ്റ്റിനെതിരെ നടിമാർ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഹാർവെ വെയിൻസ്റ്റീന്മാർ എല്ലായിടത്തുമുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ലോകത്തെ ശക്തരായ നൂറു വനിതകളിൽ പ്രിയങ്ക ഇടം നേടിയതിൽ അഭിമാനിക്കുന്നുവെന്നും മധു അഭിമുഖത്തിനിടെ പറഞ്ഞു.