ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വിവാദത്തിൽ നിലപാടു വ്യക്തമാക്കി ഒരു ബോളിവുഡ് താരം കൂടി രംഗത്ത്. അഭിനേത്രിയായ പ്രിയങ്ക ചോപ്രയാണ് കേന്ദ്രത്തെ പരോക്ഷമായി വിമർശച്ച് രംഗത്തെത്തിയത്.

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ കഴിഞ്ഞ കുറേ നാളുകളായി വ്യക്തികൾക്ക് അഭിപ്രായ പ്രകടനം നടത്താൻ സാധിക്കുന്നില്ല. സ്വന്തമായ അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്ന രീതിയാണ് ചിലർ സ്വീകരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

അസഹിഷ്ണുത വിവാദവുമായി ബന്ധപ്പെട്ട് നടന്മാരായ ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും പ്രതികരണങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടന്മാരുടെ അഭിപ്രായങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നുവെന്നു പ്രിയങ്ക പറഞ്ഞു. അവർ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതിൽ ഇത്ര രോഷം കൊള്ളാൻ എന്താണുള്ളത്. എല്ലാവർക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനു കൂടിയാണ് നമ്മുടെ പൂർവികർ ജീവത്യാഗം വരെ ചെയ്ത് നമുക്ക് സ്വാതന്ത്ര്യം നേടി തന്നത്- പ്രിയങ്ക പറഞ്ഞു.

അസഹിഷ്ണുത വിഷയത്തിൽ ആമിർ ഖാൻ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുൻപാണ് പ്രിയങ്ക ചോപ്രയും അഭിപ്രായ സ്വാതന്ത്ര്യത്തിനു രാജ്യത്ത് തടസമുണ്ടാകുന്നു എന്ന പ്രതികരണവുമായി രംഗത്തെത്തിയത്.