കോട്ടയം: ബോളിവുഡ് താരം പ്രിയങ്കചോപ്രയുടെ മുത്തശ്ശിയുടെ അന്ത്യാഭിലാഷം സാധിക്കാതെ ശവസംസ്‌കാരത്തിന് അനുമതി നിഷേധിച്ച പള്ളിയുടെ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പ്രശ്‌നത്തിന്റെ പേരിൽ പള്ളിയിലെ വൈദികർ തന്നെ രണ്ട് ചേരിയായി തിരിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചവുമുണ്ടായിരുന്നു. എന്നാൽ, വിവാദം അവിടെ കൊണ്ടും തീരുന്ന മട്ടില്ല. പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ അന്ത്യാഭിലാഷം സാധിക്കാത്താൻ വിസമ്മതിച്ചതിന്റെ പേരിൽ കാതോലിക്കാ ബാവ അടക്കമുള്ളവർ കോടതി കയറേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

കുമരകം ആറ്റാമംഗലം പള്ളി സെമിത്തേരിയിൽ ശവമടക്കണമെന്ന പ്രിയങ്കയുടെ മുത്തശ്ശി മേരി അഖൗരിയുടെ അന്ത്യാഭിലാഷം തള്ളിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യാക്കോബായ അൽമായ ഫോറം യാക്കോബായ സഭാ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ, ആറ്റാമംഗലം പള്ളി വികാരി ഫാ. സൈമൺ മാനുവൽ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ പ്രതികളാക്കി കോലഞ്ചേരി കോടതിയിൽ ഹർജി നല്കികി. ഫോറം ഭാരവാഹികളായ പോൾവർഗീസ്, ഇ.പി. ജോണി എന്നിവർ അഡ്വ. സാബു തൊഴുപ്പാടൻ മുഖേന നല്കിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസയച്ചു. കേസ് ജൂലായ് 15ലേക്ക് മാറ്റി.

സഭാ ഭരണഘടനയുടെ 195ാം വകുപ്പ് അനുസരിച്ച് എത്ര വലിയ തെറ്റ് ചെയ്താലും ഇടവകാംഗത്തെ പള്ളി പൊതുയോഗത്തിൽ നിന്ന് വിലക്കാമെന്നല്ലാതെ മറ്റൊന്നിനും ഇടവകയ്ക്ക് അധികാരമില്ല. സഭാംഗത്വവും ഇടവകാംഗത്വവും വേർതിരിക്കാനാവില്ല. മേരി ജോൺ അഖൗരി സഭാ വിശ്വാസം ഉപേക്ഷിച്ചതിന് തെളിവുമില്ല. ഇടവക പള്ളിക്കാർ സംസ്‌കാരത്തിന് വിസമ്മതിച്ചതിനാൽ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത മാർതിമോത്തിയോസ് ഇടപെട്ട് പൊൻകുന്നം യാക്കോബായ പള്ളിയിൽ മ&്വംിഷ;ൃതദേഹം സംസ്‌കരിച്ചു. സംസ്‌കാരം യാക്കോബായ സഭ തന്നെയാണ് നടത്തിയതെന്ന് ശ്രേഷ്ഠ കാതോലിക്കബാവ പറഞ്ഞിരുന്നു. മേരി ജോണിന്റെ സഭാംഗത്വം സഭ തന്നെ അംഗീകരിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്.

സഭാംഗത്തിന്റെ മൃതദേഹം ഇടവക പള്ളിയിൽ സംസ്‌കരിക്കാൻ വിസമ്മതിച്ച നടപടി സഭയുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ലംഘനമായി കാണണം. ഏതു സഭാംഗത്തിനും മരണശേഷം തന്റെ ഇടവകയിൽ മൃതദേഹം സംസ്‌കരിക്കുന്നതിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇതിനിടെ കോട്ടയം ഭദ്രാസന സംരക്ഷണസമിതി നടത്താനിരുന്ന പത്രസമ്മേളനവും ഭദ്രാസന അടിസ്ഥാനത്തിൽ നടത്താനിരുന്ന വിശദീകരണ യോഗവും മാറ്റി. കോട്ടയം ഭദ്രാസനാധിപനായ മാർ തിമോത്തിയോസിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ അഞ്ചംഗ മെത്രാപ്പൊലീത്തൻ കമ്മിഷനെ പാത്രിയാർക്കീസ് ബാവ ചുമതലപ്പെടുത്തിയതിനാൽ യോഗമോ പരസ്യ പ്രസ്താവനകളോ നടത്തരുതെന്ന പാത്രിയാക്കീസ് ബാവയുടെ കൽപ്പന അനുസരിച്ചാണ് യോഗങ്ങൾ മാറ്റിവച്ചത്.