മുംബൈ: എങ്കിലും ഒരു കെട്ടിടം വാടകയ്ക്ക് കൊടുക്കുമ്പോൾ ഇത്രയും പുലിവാലാകുമെന്ന് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര കരുതിയില്ല. കാരണം പ്രിയങ്ക വാടകയ്ക്ക് നൽകിയ ഷോപ്പിൽ പ്രവർത്തിച്ചത് പെൺവാണിഭ സംഘമായിരുന്നു. മുംബൈ അന്ധേരിയിൽ പൊലീസ് റെയ്ഡിൽ മൂന്ന് സ്ത്രീകളെ പൊലീസ് സെക്‌സ് റാക്കറ്റിൽ നിന്നും രക്ഷിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചത് പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലായിരുന്നു എന്ന് വ്യക്തമായത്.

ശാസ്ത്രി നഗറിലെ വാസ്തു പ്രഷ്യന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന കരിസ്മ സ്പാ, ബ്യൂട്ടി സെന്റർ കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രണ്ടാഴ്‌ച്ച മുമ്പ് പൊലീസ് നടത്തിയ റെയ്ഡിൽ സ്ഥാപനത്തിന്റെ മാനേജർ ദിനേശ് ചന്ദ്രകാന്ത് പിടിയിലായിരുന്നു. സ്ഥാപനത്തിന്റെ ഉടമ മാണിക് സോണി ഒളിവിലാണ്. റെയ്ഡ് വാർത്തകൾ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഈ സ്ഥലം പ്രിയങ്കയുടേതാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. 3000 ചതുരശ്ര അടിയിൽ ഈ നില പൂർണ്ണമായും പ്രിയങ്കയുടെ ഉടമസ്ഥതയിൽ ആയിരുന്നെന്നും സ്പാ ഉടമ മാണിക് സോണി എന്നയാൾക്ക് പ്രിയങ്ക വാടകയ്ക്ക് നൽകിയതാണെന്നാണ് വിവരം.

മുറി പ്രിയങ്ക വാടകയ്ക്ക് നൽകിയതാണെന്ന് കരിസ്മയുടെ റിസിപ്ഷനിസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കെട്ടിടം വാടകയ്ക്ക് കൊടുത്തത് പോലും പ്രിയങ്കയ്ക്ക് അറിവുണ്ടോയെന്ന കാര്യം വ്യക്തമല്ല. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പായുന്ന പ്രിയങ്കയ്ക്ക് ഒന്നും അറിവുണ്ടാകാൻ ഇടയില്ലെന്നും പൊലീസ് പറയുന്നു. കരിസ്മാ സ്പായ്ക്ക് തൊട്ടടുത്ത മുറി പ്രിയങ്കയുടെ മാതാവിന്റെ ക്‌ളിനിക്കാണ്.

അതേസമയം ബോളിവുഡ് പാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായ മാണിക് സോണിക്ക് അനേകം സിനിമാ ടെലിവിഷൻ താരങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.