ന്യൂഡൽഹി: തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ യുപി സർക്കാർ ഹാക്കുചെയ്തെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം. സമാജ് പാർട്ടി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യുപി സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം.

അഖിലേഷ് യാദവിന്റെ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഫോൺ ചോർത്തൽ മാത്രമല്ല, അവർ എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്തു. അവർക്ക് വേറെ പണിയാന്നുമില്ലേ, എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയാഗ് രാജ് സന്ദർശനത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ഇപ്പോഴുണ്ടാകുന്ന പദ്ധതി പ്രഖ്യാപനങ്ങളും സ്ത്രീകൾക്ക് മുന്നിൽ തലകുനിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രകടനങ്ങളുമെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകങ്ങളാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'ഞങ്ങളുടെയെല്ലാം ഫോണുകൾ ചോർത്തി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. പാർട്ടി ഓഫീസിലുള്ള ഫോൺ സംഭാഷണങ്ങളടക്കം ഇത്തരത്തിൽ മറുപുറത്തിരുന്ന് ചിലർ കേൾക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി തന്നെ ഇതിൽ പങ്കെടുക്കാറുണ്ട്. ഞങ്ങളുമായി സംസാരിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം' എന്നായിരുന്നു അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം.'ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഇത്തരം പ്രവർത്തികൾ നടത്തിയ അനുഭവത്തിലായിരിക്കാം തങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ അഖിലേഷ് യാദവ് ഉന്നയിക്കുന്നത്' എന്നായിരുന്നു ആരോപണത്തോടുള്ള മുഖ്യമന്ത്രി
യോഗി ആദിത്യനാഥിന്റെ പ്രതികരണം.