ലക്‌നോ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ആരും സുരക്ഷിതരല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. യുപിയിൽ സ്ത്രീകളും കർഷകരും അഭിഭാഷകർ പോലും സുരക്ഷിതരല്ലെന്നും പ്രിയങ്ക വിമർശിച്ചു. ഷാജഹാൻപൂർ ജില്ലാ കോടതി സമുച്ചയത്തിൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കടുത്ത വിമർശനവുമായി പ്രിയങ്ക രംഗത്തുവന്നത്.

നീതിന്യായസംവിധാനം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. കോടതി കെട്ടിടത്തിൽ വച്ച് പകൽവെളിച്ചത്തിൽ ഒരു അഭിഭാഷകനെ വെടിവച്ചുകൊന്നതിലൂടെ യുപിയിൽ ആരും സുരക്ഷിതരല്ലെന്ന് വ്യക്തമായിരിക്കുകയാണ്. യുപിയിൽ സ്ത്രീകളും കർഷകരും അഭിഭാഷകർ പോലും സുരക്ഷിതരല്ല- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ജല്ലാബാദ് സ്വദേശിയായ അഭിഭാഷകൻ ഭുപേന്ദ്ര പ്രതാപ് സിങ് (38) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്കു ശേഷമാണ് കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരുകിൽ നിന്ന് നാടൻ തോക്കും കണ്ടെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ വ്യക്തമല്ലെന്നാണ് ഷാജഹാൻപൂർ എസ്‌പി എസ്. ആനന്ദ് പറഞ്ഞു.

ഉത്തർപ്രദേശിലെ ക്രമസമാധാന തകർച്ച ആണ് അഭിഭാഷകന്റെ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കു ന്നതെന്ന് ബിഎസ്‌പി നേതാവ് മായാവതി കുറ്റപ്പെടുത്തിയിരുന്നു. യുപിൽ ആരും തന്നെ സുരക്ഷിതരല്ല എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.