- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഫോൺ ചോർത്തൽ പോട്ടെ; എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ അവർ ഹാക്ക് ചെയ്യുന്നു'; പ്രിയങ്കയുടെ ആരോപണം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം അന്വേഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അഡ്വാൻസ്ഡ് സൈബർ ക്രൈം യൂണിറ്റ് ആരോപണം അന്വേഷിക്കും. സംഭവത്തിൽ പ്രിയങ്ക ഗാന്ധി ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും ആരോപണം സ്വന്തം നിലയിൽ അന്വേഷിക്കാനാണ് തീരുമാനം.
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (സി.ഇ.ആർ.ടി-ഇൻ) പ്രിയങ്കയുടെ ആരോപണം പരിശോധിക്കുക. ഹാക്കർമാരെ കണ്ടെത്താനും സൈബർ ആക്രമണം തടയുന്നതിനുമുള്ള നൂതന ലാബ് സി.ഇ.ആർ.ടി-ഇൻ പ്രവർത്തിപ്പിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള റെയ്ഡുകളെ കുറിച്ചും നിയമവിരുദ്ധമായ ഫോൺ ചോർത്തൽ വിവാദത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് തന്റെ മക്കളെ സർക്കാർ സമൂഹ മാധ്യമങ്ങളിൽ വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. 'ഫോൺ ചോർത്തൽ പോട്ടെ, എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ അവർ ഹാക്ക് ചെയ്യുന്നു, അവർക്ക് വേറെ പണിയൊന്നുമില്ലേ' -പ്രിയങ്ക ചോദിച്ചു. അതേസമയം, പ്രിയങ്ക ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു.
തന്റെയും സഹപ്രവർത്തകരുടെയും ഫോണുകൾ സർക്കാർ ചോർത്തുന്നുവെന്ന ആക്ഷേപവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ചോർത്തുന്ന ഫോൺ സംഭാഷണങ്ങൾ എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേൾക്കുന്നുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.
ഇസ്രയേൽ നിർമ്മിത ചാര സോഫ്‌റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
2019 നവംബർ മുതൽ പ്രിയങ്ക ഗാന്ധി ഉൾപ്പടെ മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ഹാക്ക് ചെയ്‌തെന്ന കോൺഗ്രസ്സ് ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ച പെഗസസ് കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ്.
ന്യൂസ് ഡെസ്ക്