മെൽബൺ: 2021ലെ മിസിസ് ഇന്ത്യ ഓസ് ട്രേലിയ കിരീടം സ്വന്തമാക്കി മെൽബൺ മലയാളിയായ പ്രിയങ്ക എം സെൽവം. രണ്ടു വർഷം മുമ്പ് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന പ്രിയങ്ക, അവിടെ നിന്ന് ഈ കിരീട നേട്ടം സ്വന്തമാക്കുന്നത്.

മിസ് ഇന്ത്യ, മിസിസ് ഇന്ത്യ വിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ നിന്ന്, മിസ് ഇന്ത്യ വിജയികൾ ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ശ്രദ്ധേയരാകാറുണ്ട്. പല്ലവി ഷാർദ, വിമലാ രാമൻ തുടങ്ങിയവർ മുൻ മിസ് ഇന്ത്യ ജേതാക്കളായിരുന്നു. വിവാഹിതരായ സ്ത്രീകൾക്കു വേണ്ടി ഇതേ വേദിയിൽ നടത്തുന്ന മിസിസ് ഇന്ത്യ മത്സരത്തിലാണ് ഇത്തവണ മലയാളിയായ പ്രിയങ്ക എം സെൽവം കിരീടം നേടിയത്.

വ്യക്തിപരമായ പ്രതിസന്ധികളിലൂടെ കടന്നുപോയതിനു പിന്നാലെയാണ് ഈ മത്സരരംഗത്തേക്ക് വന്നത് എന്ന് പ്രിയങ്ക പറഞ്ഞു. തന്റെ ജീവിതം മറ്റു സ്ത്രീകൾക്കും പ്രചോദനമാക്കി മാറ്റാൻ ഈ കിരീട നേട്ടം സഹായിക്കും എന്നാണ് പ്രിയങ്ക പ്രതീക്ഷിക്കുന്നത്. എറണാകുളത്തുകാരിയാണ് പ്രിയങ്ക്. 38കാരിയായ പ്രിയങ്ക യൂട്യൂബിലും സജീവമാണ്. ഇവുടെ യൂട്യൂബാ ചാനലിന് ഒരുലക്ഷത്തിലേറെ സബ്‌സക്രിബേഴ്‌സുണ്ട്. സോഷ്യൽ ഇംപാക്ട് ടൈറ്റിലും ഇവരാണ് നേടിയത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് പ്രചോദനം നൽകുന്നതിനാണ് ഈ പുരസ്‌കാരം. വിക്ടോറിയയിലെ ബലാർട്ടിലാണ് പ്രിയങ്ക താമസിക്കുന്നത്.

മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിസ്റ്റായും ഇത്തവണ ഒരു മലയാളിയുണ്ടായിരുന്നു. സിഡ്നിയിലുള്ള അലീഷ മാത്യു. ഭരതനാട്യം നർത്തകിയായ അലീഷ മിസ് ഇന്ത്യ ബെസ്റ്റ് ടാലന്റ് എന്ന പുരസ്‌കാരം സ്വന്തമാക്കി. മെൽബൺ സ്വദേശിയായ സാന്യ അറോറയാണ് ഇത്തവണത്തെ മിസ് ഇന്ത്യ ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. 22കാരിയായ സാന്യ, പൂണെയിൽ നിന്ന് മെൽബണിലേക്ക് കുടിയേറിയതാണ്.