വെല്ലിങ്ടൺ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായി എറണാകുളം പറവൂർ സ്വദേശിനി ന്യൂസിലന്റ് പാർലമെന്റിലേക്കു മത്സരിക്കുന്നു. 2004ൽ ന്യൂസിലൻഡിലേക്കു കുടിയേറിയ പ്രിയങ്ക രാധാകൃഷ്ണനാണ് പ്രതിപക്ഷമായ ലേബർ പാർട്ടിക്കുവേണ്ടി ഒക്‌ലൻഡിലെ മൗൻഗാകിക്കി മണ്ഡലത്തിൽ ജനവിധി തേടുന്നത്. സെപ്റ്റംബർ 23നാണ് വോട്ടെടുപ്പ്. മൗൻഗാകിക്കി 2008 മുതൽ ലേബർ പാർട്ടിയുടെ സിറ്റിങ് സീറ്റാണ്. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ വിജയം സുനിശ്ചിതമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും മടിപിടിച്ചിരിക്കാതെ പ്രിയങ്ക വളരെ നേരത്തേതന്നെ പ്രചരണപരിപാടികൾക്കു തുടക്കം കുറിച്ചുകഴിഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷത്തോളമായി ലേബർ പാർട്ടിക്കുവേണ്ടി കാഴ്ചവച്ച നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് എംപിസ്ഥാനത്തേക്ക് മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവസരം ഒരുക്കിയത്. 2006 ൽ പാർട്ടിയിൽ ചേർന്ന പ്രിയങ്ക നിലവിൽ ലേബർ പാർട്ടിയുടെ പൊതു നയം രൂപീകരിക്കുന്ന കമ്മിറ്റിയിലെ അംഗമാണ്. പല സബ്കമ്മിറ്റികളിലും ഉപദേശകസ്ഥാനമടക്കം വഹിക്കുന്നുമുണ്ട്. ഭരണ കക്ഷിയായ നാഷണൽ പാർട്ടിക്ക് നിലവിൽ രണ്ട് ഇന്ത്യൻ എംപിമാർ ഉണ്ട് . എന്നാൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് ഇത് വരെ ഇന്ത്യൻ ഇല്ല. പ്രിയങ്ക ജയിച്ചാൽ ന്യുസിലാൻഡ് ലേബർ പാർട്ടിയുടെ ആദ്യ കിവി ഇന്ത്യൻ എംപി ആകും പ്രിയങ്ക.

ന്യൂസിലാൻഡിലെ ഇന്ത്യൻ സമൂഹത്തിനുവേണ്ടി നിലകൊള്ളുകയാണ് തന്റെ തീരുമാനമെന്ന് പ്രിയങ്ക പറയുന്നു. തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നും തന്റെ ജയം സുനിശ്ചിതമാണെന്നും ഈ സാമൂഹിക പ്രവർത്തക ഉറപ്പ് പറയുന്നു. രാജ്യത്തെ ഇന്ത്യൻ സമൂഹം നേരിടുന്ന പൊതുഗതാഗതം, ആരോഗ്യം, ഹൗസിങ്, സുരക്ഷ എന്നീ മേഖലയിലെ പ്രശ്നങ്ങൾക്ക് തന്നാൽ കഴിയും വിധം പരിഹാരം കണ്ടെത്തുമെന്നും പ്രിയങ്ക ഉറപ്പ് നൽകുന്നു.

2004ൽ ന്യൂസിലൻഡിൽ എത്തിയ പ്രിയങ്ക ഉന്നത വിദ്യാഭ്യാസം മാസി, വിക്ടോറിയ യൂണിവേഴ്‌സിറ്റികളിൽ ആണ് പൂർത്തിയാക്കിയത്. വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. പോളിസി അനാലിസിസ്, സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തി പരിചയവും ഉണ്ട്.

സിംഗപ്പൂരിലായിരുന്നു പ്രിയങ്കയുടെ മാതാപിതാക്കളായ എറണാകുളം പറവൂർ സ്വദേശികളായ രാമൻ രാധാകൃഷ്ണനും ഉഷയ്ക്കും ജോലി. അതുകൊണ്ട് കുട്ടിക്കാലത്തെ സിംഗപ്പൂരിലേക്ക് കുടിയേറുകയായിരിന്നു. പിന്നീട് സ്‌കൂൾ അവധികാലത്തു മാത്രമേ കേരളത്തിൽ വന്നിരിന്നുള്ളൂ. സ്‌കൂൾ വിദ്യാഭ്യാസം സിംഗപ്പൂരിൽ ആയിരിന്നു. ഹയർ സെക്കന്ററി വിദ്യാഭ്യാസ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി പ്രിയങ്ക ന്യുസിലണ്ടിലേക്കു വരുകയും മാതാപിതാക്കൾ പിന്നീട നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ഇവർ ഇപ്പോൾ ചെന്നൈയിൽ വിശ്രമ ജീവിതം നയിച്ച് മകളുടെ ന്യുസിലാന്റിലെ രാഷ്ടിയ വളർച്ച കണ്ടു അത്ഭുത പെടുന്നു.

കോളേജ് പഠനകാലത്ത് മുതൽ രാഷ്ട്രീയം പ്രിയങ്കയുടെ കൂടെ ഉണ്ടായിരുന്നു. മാസി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി ചെയ്യുന്ന കാലയളവിൽ സ്റ്റുഡന്റ്സ് യൂണിയനിൽ സജീവ പ്രവർത്തകയായിരുന്നു. ഇവിടെ വച്ചാണ് ആദ്യമായി മത്സരിക്കുന്നതും വിജയിക്കുന്നതും. ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഓഫീസറായി സേവനം അനുഷ്ടിച്ച കാലയളവാണ് ജീവിതത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള കാലഘട്ടമെന്ന് പ്രിയങ്ക പറയുന്നു. തന്നിലുള്ള രാഷ്ട്രീയ നേതാവിനെ പാകപ്പെടുത്തിയെടുക്കാനൻ അവിടുത്തെ പ്രവർത്തനങ്ങൾ സഹായിച്ചതായി പ്രിയങ്ക ഓർത്തെടുക്കുന്നു.

ഓക്ക് ലാൻഡ് മലയാളി സമാജത്തിലെ സജീവ സാന്നിധ്യമായ പ്രിയങ്ക കേരളത്തോട് വല്ലാത്ത അടുപ്പമാണെന്ന് പറയുന്നു. സിംഗപ്പൂരിൽ ആയിരുന്ന കാലഘട്ടത്തിലും വർഷത്തിൽ രണ്ട് മാസം വീതം അവധിക്ക് നാട്ടിൽ വരുമായിരുന്നു എന്ന് പ്രിയങ്ക ഓർക്കുന്നു. കേരളത്തോടും കേരളത്തിന്റെ പാരമ്പര്യത്തോടും വലിയ മതിപ്പാണ് പ്രിയങ്കയ്ക്ക്. മാതാപിതാക്കൾ ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും ബന്ധുക്കളെല്ലാവരും കേരളത്തിൽ ആണുള്ളത്. ഇവരെ കാണാൻ സമയം കിട്ടുമ്പോളൊക്കെ പോകാറുണ്ടെന്ന് പറയുന്നു പ്രിയങ്ക. കേരളവുമായി അടുത്ത ബന്ധം സൂക്ഷിക്കാൻ സാധിക്കുന്നതും ഇതുകൊണ്ടാണെന്ന് പ്രിയങ്ക.

ക്രൈസ്റ്റിൽ ചർച്ചിൽ നിന്നുള്ള സ്‌കോട്ട്ലണ്ട് വംശജനായ റിച്ചാർഡ്സൺ ആണ് പ്രിയങ്കയുടെ ഭർത്താവ്. തന്റെ ജീവിത പങ്കാളിയുടെ രാഷ്ടീയ പ്രവർത്തനത്തിന് പൂർണ പിന്തുണ നൽകുന്ന ഇദ്ദേഹം ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. കേസരി ബാലകൃഷ്ണപിള്ളയുടെ കുടുംബാഗമാണ് അച്ഛൻ രാമൻ രാധാകൃഷ്ണൻ. അമ്മയുടെ ഉഷയുടെ മുത്തച്ഛൻ ഡോ.സി.ആർ.കൃഷ്ണപിള്ള ഐക്യകേരള രൂപീകരണത്തിൽ പോലും വലിയ പങ്കുവഹിച്ചയാളാണ്. ഈ പാരമ്പര്യത്തിന്റെ പിൻബലത്തോട് കൂടിയാണ് പ്രിയങ്ക തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവയ്‌പ്പിന് ഒരുങ്ങുന്നത്.