ഹൈദരാബാദ്: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി നിറയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഷീലാ ദീക്ഷിത്തിനാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ നറുക്ക് കിട്ടിയത്. പ്രിയങ്ക പ്രചരണത്തിൽ സജീവമാകുമെന്ന് പറയുന്നു. അതിനുള്ള സാധ്യത എത്രയെന്നതിൽ ഇപ്പോഴും സംശയങ്ങളുണ്ട്. കോൺഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോട് എതിർപ്പുണ്ടെന്നാണ് സൂചന. ഇതിന്റെ വ്യക്തമായ സൂചനയാണ് പ്രിയങ്ക ഗാന്ധിക്കായി പാർട്ടിയിൽ മുറവിളി ശക്തമാക്കവേ കോൺഗ്രസിന് വേണ്ടത് കൂട്ടായ പ്രവർത്തനമാണെന്ന വാദവുമായി മുതിർന്ന നേതാവ് ജയറാം രമേശ് രംഗത്ത് എത്തിയതിൽ നിന്ന് ലഭിക്കുന്നത്.

രാഹുലിന്റെ അടുത്ത വിശ്വസ്തനാണ് ജയറാം രമേശ്. രാഹുലിനെ എത്രയും വേഗം പാർട്ടി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്ന നേതാവ്. അതുകൊണ്ട് കൂടിയാണ് ജയറാം രമേശിന്റെ വാക്കുകൾക്ക് പ്രസക്തി കൂടുന്നത്. ഏതെങ്കിലും ഒരു നേതാവിലൂടെയല്ല കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ കോൺഗ്രസിന്റെ പുനരുദ്ധാരണം സാധ്യമാകൂവെന്ന് ജയറാം രമേശ് പറഞ്ഞു. ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിനുള്ള ജയറാം രമേശിന്റെ മറുപടി. പാർട്ടിയെ വീണ്ടും ശക്തമാക്കണമെങ്കിൽ നാം കൂട്ടായി പ്രവർത്തിച്ചേ മതിയാവൂ. എ ഇതു ചെയ്യും, ബി ഇതു ചെയ്യും, സി ഇതു ചെയ്യും ഇങ്ങനെ പിറകിലിരുന്ന് ഉത്തരവിട്ടിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ആരുടെ കൈയിലും മാന്ത്രികവടിയില്ല, കൂട്ടായ പ്രവർത്തനം മാത്രമാണ് വിജയത്തിലേക്കുള്ള മാന്ത്രികവടി കോൺഗ്രസിന്റെ രാജ്യസഭാ എംപി കൂടിയായ ജയറാം രമേശ് പറഞ്ഞു.

രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്താൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിയ ജയറാം രമേശ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി ചിട്ടയോടെ അടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിനും എട്ട് മാസം മുൻപേ യുപിയിൽ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് പാർട്ടിക്ക് പുതിയൊരു അധ്യക്ഷനും, പുതിയ ഏകോപനസമിതി ചെയർമാനുമുണ്ട്. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസ് പഠിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഇതെല്ലാം ജയറാം രമേശ് പറഞ്ഞു.

രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തോൽവി ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ബിജെപി. അടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് അജൻഡ പ്രകടമാക്കി പ്രചാരണങ്ങൾക്കു തുടക്കം കുറിച്ച സാഹചര്യത്തിലാണു കോൺഗ്രസും രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റായി രാജ് ബബ്ബറിനെ നിശ്ചയിച്ചു. ഇതേസമയം തന്നെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടുന്നതിനായി അവർക്കും പാർട്ടി ദേശീയ ഘടകത്തിൽ ഉചിതമായ പദവി നൽകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ഷീലീ ദീക്ഷിത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാത്. അതിന് പിന്നാലെയാണ് പ്രിയങ്കയുടെ സ്വാധീനത്തെ ചോദ്യം ചെയ്യുന്ന ജയറാം രമേശിന്റെ പ്രസ്താവന.

ഉത്തർപ്രദേശിൽ സജീവ സാന്നിധ്യമായിരുന്ന കോൺഗ്രസ് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ തിരിച്ചുവരവിനുള്ള ഊർജിത ശ്രമത്തിലാണു പാർട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രിയങ്ക പ്രചാരണം നയിക്കട്ടെയെന്ന നിലപാടിലാണ് സോണിയയും എന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്കയ്ക്ക് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പദവി നൽകിയേക്കുമെന്നാണ് സൂചന. പ്രിയങ്കയെ മുന്നിൽ നിർത്താനുള്ള തീരുമാനമുണ്ടായാൽ അതു രാഹുലിന്റെ കഴിവുകേടുകൊണ്ടാണെന്നു വ്യാഖ്യാനിച്ചേക്കുമെന്ന ആശങ്കയും പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. ഇതാണ് ജയറാം രമേശിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.