- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പ്രിയങ്കയോട് പറഞ്ഞത് പീഡനമോ? 'പോയി ചാകടീ' എന്നു ഭർത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താൽ പോലും ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും നിലനിൽക്കില്ലെന്ന് ശാന്തമ്മ; രാജൻ.പി. ദേവിന്റെ ഭാര്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ചൂടേറിയ വാദങ്ങൾ
തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയായ സിനിമാ താരം ഉണ്ണി രാജൻ. പി. ദേവിന്റെ മാതാവ് ശാന്തമ്മ രാജൻ. പി. ദേവിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ തിരുവനന്തപുരം ജില്ലാ കോടതിയിൽ. അതേ സമയം കേസിൽ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും മരണപ്പെട്ട പ്രിയങ്കയുടേയോ മാതാപിതാക്കളുടേയോ പരാതിയിലൊന്നും സ്ത്രീധനം ആവശ്യപ്പെട്ടതായോ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായോ ഒരു വരി പോലുമില്ലന്നും ശാന്തമ്മ കോടതിയിൽ ബോധിപ്പിച്ചു. അതേ സമയം അങ്കമാലി കറുകുറ്റി വീട്ടിൽ രാത്രി പ്രിയങ്ക കതകിൽ തട്ടി തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ ' ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത് ' എന്ന് ശാന്തമ്മ പറഞ്ഞത് പീഡനമാണെന്നും മുതദേഹത്തിൽ 15 പരിക്കുകൾ ഉള്ളതായും ജാമ്യത്തെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം. എ. ഹക്കീം ശക്തമായി വാദിച്ചു.
കേസ് ഡയറി ഫയലും കോടതിയിൽ ഹാജരാക്കി. എന്നാൽ അത് സ്വാഭാവികമായി ഏതൊരു മാതാവും പറയാറുള്ളതാണെന്ന് ശാന്തമ്മ ബോധിപ്പിച്ചു. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും ബോധിപ്പിച്ചു. സ്ത്രീധന പീഡന മരണമെന്ന പരാതി പ്രിയങ്കയുടെ വീട്ടുകാർക്കില്ലെന്നിരിക്കേ ജൂൺ 21 ന് ശാസ്താംകോട്ട വിസ്മയ കേസ് സെൻസേഷണനായി മാധ്യമശ്രദ്ധ നേടിയപ്പോൾ തന്നെ അറസ്റ്റു ചെയ്യുന്നില്ലെന്ന പുതിയ ആരോപണമുയർത്തി മാധ്യമ വിചാരണ നടക്കുകയാണ്.
തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തന്നിൽ നിന്നും യാതൊന്നും വീണ്ടെടുക്കേണ്ടതില്ല. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനും ചീപ്പ് പബ്ലിസിറ്റിക്കും വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി വൈ എസ് പിക്ക് നിർദ്ദേശം കൊടുക്കണമെന്നും ശാന്തമ്മ ബോധിപ്പിച്ചു. സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ള കുടുംബാംഗമായ താൻ ഒളിവിൽ പോകില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബോധിപ്പിച്ചു. 2018 ൽ അപ്പുക്കുട്ടൻ വേഴ്സസ് കേരള സ്റ്റേറ്റ് കേസിൽ ' പോയി ചാകടീ' എന്നു ഭർത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താൽ പോലും ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ഭർതൃ കുടുംബത്തിനെതിരെ നിലനിൽക്കില്ലെന്ന കേരള ഹൈക്കോടതി വിധിന്യായമുണ്ടെന്നും ഹർജിക്കാരി ബോധിപ്പിച്ചു. അതേ സമയം മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി ജാമ്യത്തിന് ശ്രമിച്ചുകൂടേയെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ചോദിച്ചു. തുടർന്ന് ജൂലൈ 2 ന് മുൻകൂർ ജാമ്യഹർജി വിധി പറയാനായി മാറ്റി.
കേസിൽ ഒന്നാം പ്രതിയായ ഉണ്ണി രാജൻ. പി. ദേവിന് ജില്ലാ കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഇരുപത്തയ്യായിരം രൂപയുടെ ഉണ്ണിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ജയിൽ മോചിതനാകുന്നതിന്റെ പിറ്റേന്ന് ഉണ്ണിയുടെ മൊബെൽ ഫോണും സിം കാർഡും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. ഉണ്ണിയും പ്രിയങ്കയുമായുള്ള റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണത്തിൽ പുരുഷശബ്ദം ഉണ്ണിയുടേതാണോയെന്ന് ആധികാരികത വരുത്താൻ ഉണ്ണിയുടെ ശബ്ദ പരിശോധന ഫോറൻസിക് ലാബിൽ നടത്താൻ ജൂൺ 18 ന് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി വൈ എസ് പി മുമ്പാകെ ഹാജരായിരുന്നു. അന്വേഷണവുമായി സഹകരിക്കണം, അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്നും ജാമ്യ ഉത്തരവിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്' ജഡ്ജി പി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഉണ്ണിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ജില്ലാ കോടതി ജാമ്യാപേക്ഷയിൽ വാദം കേൾക്കവേ അഭിപ്രായപ്പെട്ടിരുന്നു. ഉണ്ണിയെ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജൂൺ 10 നകം ജയിലിൽ പോയി ചോദ്യം ചെയ്യാൻ ജില്ലാ ജഡ്ജി ഉത്തരവിട്ടിരുന്നു. ആരോപിക്കുന്ന കുറ്റത്തിന്റെ കഴമ്പോ അടിസ്ഥാനമോ ഇല്ലാതെ ഒരാളെ ഇരുമ്പഴിക്കുള്ളിലടക്കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ചെയ്യാൻ ഉത്സാഹിപ്പിക്കുകയോ ഗൂഢാലോചനയിൽ ഏർപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന് ഏതെങ്കിലും കൃത്യത്താലോ നിയമ വിരുദ്ധമായ കൃത്യ വിലോപത്താലോ ഉദ്യേശ്യപൂർവ്വം സഹായിക്കുകയോ ചെയ്തതായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോൺകോൺ ഡീറ്ററയിൽസ് കൊണ്ടോ ആത്മഹത്യാ കുറിപ്പ് കൊണ്ടോ സാക്ഷിമൊഴികൾ കൊണ്ടോ രേഖകൾ കൊണ്ടോ കാണാൻ കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹത്തിന് മുമ്പ് ഒളിച്ചോടിപ്പോയി 4 മാസം പാർത്ത വിവരം മറച്ചതിനും വീണ്ടും ആ ബന്ധം തുടർന്നതിനും നിന്നെ എനിക്കിനി വേണ്ട , എന്റെ അമ്മയെയും ഉപദ്രവിച്ച നീയുമായി ഇനി ഒരുമിച്ച് താമസിക്കാൻ കഴിയില്ല എന്നീ ഫോൺ വിളി വാക്യങ്ങൾ കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. താനും അമ്മായി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നെന്നും ചീത്ത പറയാറുണ്ടായിരുന്നുവെന്നും മരണത്തിന് തലേന്ന് വട്ടപ്പാറ പൊലീസിൽ പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നതായും ഉണ്ണി കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. തന്റെ അമ്മ ശാന്തമ്മ രാജനും തന്നെ പ്രിയങ്ക മുടിയിൽ പിടിച്ചു വലിച്ചതായും മുതുകിൽ മർദ്ദിച്ചതായും അങ്കമാലി പൊലീസിൽ നൽകിയ പരാതി പകർപ്പ് ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയോടൊപ്പം ഉണ്ണി ഹാജരാക്കിയിട്ടുണ്ട്. കൂടുതൽ സത്രീധനം ആവശ്യപ്പെട്ട് മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചതായി പ്രിയങ്കയുടെ പരാതിയിലില്ലെന്നും ഉണ്ണിയുടെ ജാമ്യ ഹർജിയിലുണ്ട്.
അതേ സമയം പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് അന്വേഷണം പ്രാരംഭ ഘട്ടത്തിലുള്ള വേളയിൽ ജാമ്യം നൽകി സ്വതന്ത്രനാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ മറുവാദമുന്നയിച്ചു. എന്നാൽ പൊതുതാൽപര്യം നോക്കിയോ ആൾക്കൂട്ടം പറയുന്ന പോലെയോ പ്രത്യാഘാതങ്ങൾ നോക്കിയോ ജുഡീഷ്യൽ തീരുമാനങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചിട്ടുള്ളതായും ഉണ്ണി മറുപടി നൽകി. തന്റെ മുൻ കാല ജീവചരിത്രം ഭർത്താവ് അറിഞ്ഞതിൽ വച്ചുള്ളതോ പ്രിയങ്കക്ക് മാത്രമറിയാവുന്ന മറ്റെന്തിലും കാരണമോ അല്ലെങ്കിൽ മറ്റപായപ്പെടുത്തലിലോ ആകാം മരണം സംഭവിച്ചതെന്നും കൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉണ്ണി ബോധിപ്പിച്ചു.
13 ദിവസമായി റിമാന്റിൽ കഴിയുന്ന ഉണ്ണിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണ വകുപ്പ് 306 നിലനിൽക്കില്ലെന്ന് നിരീക്ഷണം നടത്തിയത്. മരണപ്പെട്ട പ്രിയങ്ക 5 വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്തെ അനവധി ക്രിമിനൽ കേസ് പ്രതിയായ ഗുണ്ട കാട്ടാക്കട വിഷ്ണുവുമായി ഒളിച്ചോടിപ്പോയി 4 മാസം ലീവ് ഇൻ റിലേഷൻഷിപ്പിൽ പാർത്തതായി പ്രിയങ്കയുടെ സഹോദരന്റെയും പിതാവ് ബാബുവിന്റെയും പൊലീസ് സാക്ഷിമൊഴി പ്രഥമ വിവര റിപ്പോർട്ടിനൊപ്പമുള്ളതായി കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി. ഇക്കാര്യം മറച്ചു വച്ചാണ് എറണാകുളം ലുലു മാളിലും സ്കൂളിലും ജോലി ചെയ്ത പ്രിയങ്കയുമായുള്ള വിവാഹം നടത്തിയതെന്നും ഉണ്ണി തന്റെ ജാമ്യഹർജിയിൽ ബോധിപ്പിച്ചു.
കാക്കനാട്ടെ ഫ്ളാറ്റിൽ വച്ച് മുൻ കാമുകനായ കുപ്രസിദ്ധ ഗുണ്ട വിഷ്ണുവുമായുള്ള പ്രിയങ്കയുടെ ചാറ്റിങ് ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഉണ്ണി ഏപ്രിൽ മാസത്തിൽ കണ്ടെത്തിയതായും ബോധിപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക അക്രമാസക്തയാവുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അങ്കമാലി കറുകുറ്റി വീട്ടിലേക്ക് താമസം മാറ്റി. മുൻ കാമുകനുമായുള്ള എഫ് ബി അക്കൗണ്ട്് ചാറ്റിങ് ചൊല്ലി കൂട്ട വഴക്കാകുകയായിരുന്നു. ഇതിൽ വച്ചാണ് ശാന്തമ്മക്കും പ്രിയങ്കക്കും തനിക്കും പരിക്ക് പറ്റിയതെന്ന് ഉണ്ണി ബോധിപ്പിച്ചു. പരിക്കു പറ്റിയതിൽ മൂവർക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും ബോധിപ്പിച്ചിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി അറസ്റ്റ് ചെയ്ത ഉണ്ണിയെ നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് തിരുവനന്തപുരം ജില്ലാ ജയിലിലേക്കാണ് റിമാന്റിൽ വയ്ക്കാൻ ഉത്തരവായത്. അങ്കമാലി കറുകുറ്റി സ്വദേശിയും അന്തരിച്ച സിനിമാ താരം രാജൻ. പി. ദേവന്റെ മകനുമാണ് ഉണ്ണി.
മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ് വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ജയ മകൾ ജെ. പ്രിയങ്ക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടുജോലികൾ പൂർത്തിയാക്കിയ ശേഷം 10.58 ന് റൂമിൽ കയറി കതകടക്കുകയായിരുന്നു. മരണത്തിന് തലേദിവസം ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരൻ വിഷ്ണുവും പൊലീസിൽ പരാതി നൽകി. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ അടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകിയത്.
ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം രജിസ്റ്റർ ചെയ്ത് കേസിന്റെ എഫ്.ഐ.ആർ. തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് ആയ ആർ.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡന മരണം എന്നിവ ചുമത്തിയുള്ള അഡീഷണൽ റിപ്പോർട്ട് ,ആർ.ഡി.ഒ കോടതിയിൽ നിന്ന് തിര്യെ വാങ്ങിയ കേസ് റെക്കോർഡുകൾ എന്നിവ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉണ്ണിയെയും ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്.
മെയ് 25 നാണ് ഉണ്ണിയെ അങ്കമാലി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവർ വാടകക്ക് താമസിച്ചിരുന്ന കാക്കനാട് ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേ സമയം അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പ്രിയങ്ക തന്റെ മാതാവിനെ അകാരണമായി മർദ്ദിച്ചതിനാലാണ് താൻ പ്രിയങ്കയെ ഉപദ്രവിച്ചതെന്ന കുറ്റസമ്മത മൊഴിയാണ് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത്.
അങ്കമാലി സ്കൂളിൽ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക. അമ്മ വീട്ടുജോലികൾ ചെയ്താണ് മകളെ പഠിപ്പിച്ചത്. സ്പോർട്ട്സിൽ സജീവമായിരുന്ന പ്രിയങ്കക്ക് അദ്ധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലി സ്കൂളിലെത്തിയത്. ഇവിടെ വച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയും തുടർന്ന് മിന്നുകെട്ടിലും കലാശിച്ചു.
2019 നവംബർ 21ന് ഇരു വീട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ ജാതി മതാചാരപ്രകാരം വിവാഹം നടന്നു. വിവാഹവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാർ 30 പവൻ സ്വർണം വധുവിനെ അണിയിക്കുകയും ഭർത്താവിന് പണവും നൽകിയിരുന്നു. ആറുമാസത്തിന് ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികമായും പീഡിപ്പിച്ച് പ്രിയങ്കയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.