- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി പ്രിയങ്ക കതക് തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ ' ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പറഞ്ഞത് പീഡനം; മൃതദേഹത്തിൽ 15 പരിക്കുകൾ ഉള്ളതായും പ്രോസിക്യൂഷൻ; പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ഉണ്ണിയുടെ മാതാവ് ശാന്തമ്മ. പി.രാജന് മുൻകൂർ ജാമ്യമില്ല
തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയായ സിനിമാ താരം ഉണ്ണി രാജൻ. പി. ദേവിന്റെ മാതാവ് ശാന്തമ്മ രാജൻ. പി. ദേവിന് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണ കുമാറാണ് മുൻകൂർ ജാമ്യം നിരസിച്ചത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രയാക്കിയാൽ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി മാറ്റിക്കുവാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. പോസ്റ്റുമോർട്ടം പരിശോധനയിൽ പ്രിയങ്കയുടെ ദേഹത്ത് 15 പരിക്കുകൾ ഉള്ളതായും പ്രതിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം. എ. ഹക്കീമിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അതേ സമയം കേസിൽ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും മരണപ്പെട്ട പ്രിയങ്കയുടേയോ മാതാപിതാക്കളുടേയോ പരാതിയിലൊന്നും സ്ത്രീധനം ആവശ്യപ്പെട്ടതായോ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായോ ഒരു വരി പോലുമില്ലെന്നും ഉള്ള ശാന്തമ്മയുടെ വാദം കേസിൽ അന്തിമ റിപ്പോർട്ട് വന്ന ശേഷമുള്ള വിചാരണ ഘട്ടത്തിലേ പരിഗണിക്കാനാവൂയെന്ന് കോടതി നിരീക്ഷിച്ചു. അങ്കമാലി കറുകുറ്റി വീട്ടിൽ രാത്രി പ്രിയങ്ക കതകിൽ തട്ടി തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ ' ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത് ' എന്ന് ശാന്തമ്മ പറഞ്ഞത് പീഡനമാണെന്നും മൃതദേഹത്തിൽ 15 പരിക്കുകൾ ഉള്ളതായും ജാമ്യത്തെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ ശക്തമായി വാദിച്ചിരുന്നു.
കേസ് ഡയറി ഫയലും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ അത് സ്വാഭാവികമായി ഏതൊരു മാതാവും പറയാറുള്ളതാണെന്ന് ശാന്തമ്മ ബോധിപ്പിച്ചു. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും ബോധിപ്പിച്ചു.സ്ത്രീധന പീഡന മരണമെന്ന പരാതി പ്രിയങ്കയുടെ വീട്ടുകാർക്കില്ലെന്നിരിക്കേ ജൂൺ 21 ന് ശാസ്താംകോട്ട വിസ്മയ കേസ് സെൻസേഷണനായി മാധ്യമശ്രദ്ധ നേടിയപ്പോൾ തന്നെ അറസ്റ്റു ചെയ്യുന്നില്ലെന്ന പുതിയ ആരോപണമുയർത്തി മാധ്യമ വിചാരണ നടക്കുകയാണ്.
തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തന്നിൽ നിന്നും യാതൊന്നും വീണ്ടെടുക്കേണ്ടതില്ല. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനും ചീപ്പ് പബ്ലിസിറ്റിക്കും വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷന്ന ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി വൈ എസ് പിക്ക് നിർദ്ദേശം കൊടുക്കണമെന്നും ശാന്തമ്മ ബോധിപ്പിച്ചു. സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ള കുടുംബാംഗമായ താൻ ഒളിവിൽ പോകില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബോധിപ്പിച്ചു.
2018 ൽ അപ്പുക്കുട്ടൻ വേഴ്സസ് കേരള സ്റ്റേറ്റ് കേസിൽ ' പോയി ചാകടീ ' എന്നു ഭർത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താൽ പോലും ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ഭർതൃ കുടുംബത്തിനെതിരെ നിലനിൽക്കില്ലെന്ന കേരള ഹൈക്കോടതി വിധിന്യായമുണ്ടെന്നും ഹർജിക്കാരി ബോധിപ്പിച്ചു. അതേ സമയം മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി ജാമ്യത്തിന് ശ്രമിച്ചുകൂടേയെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ചോദിച്ചിരുന്നു.