ദുബായ്: പബ്ലിക് ട്രാൻസ്‌പോർട്ട് ദിനാചരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പത്തു ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ഒരുക്കുന്നു. നവംബർ ഒന്നിനാണ് പബ്ലിക് ട്രാൻസ്‌പോർട്ട് ദിനാചരണം. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന വിവിധ ഇവന്റുകളിൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക.

സ്വകാര്യ വാഹനങ്ങൾ കഴിവതും ഉപേക്ഷിക്ക് പൊതുയാത്രാ വാഹനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങളെ ആകർഷിക്കുന്നതിനാണ് പദ്ധതിയൊരുക്കിയിരിക്കുന്നതെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി  സിഇഒ ഡോ.യൂസഫ് അൽ അലി വ്യക്തമാക്കുന്നു. പബ്ലിക് ട്രാൻസ്‌പോർട്ട് ദിനാചരണം വഴി ഈ വർഷം തന്നെ 146 മില്യൺ യാത്രക്കാരെ പൊതുയാത്രാ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അൽ അലി പറഞ്ഞു.

പബ്ലിക് ട്രാൻസ്‌പോർട്ട് ദിനാചരണത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും നറുക്കെടുപ്പുകളും 26 മുതൽ ആരംഭിക്കും. മെട്രോ, ബസ്, മറൈൻ ട്രാൻസ്‌പോർട്ട് തുടങ്ങിയ സ്‌റ്റേഷനുകളിലെല്ലാം തന്നെ ഇതിനോടനുബന്ധിച്ചുള്ള മത്സരങ്ങളും നറുക്കെടുപ്പുകളും നടക്കും. ഏകദേശം നാലു കിലോയോളം വരുന്ന സ്വർണ സമ്മാനങ്ങളും ഇക്കൂട്ടത്തിൽ പെടും. എൻഒഎൽ കാർഡുകൾ മറ്റു സമ്മാനങ്ങളും ഇതിൽ ഉൾപ്പെടും.

സ്വകാര്യവാഹനങ്ങളുടെ പെരുപ്പം പൊതുനിരത്തിൽ കുറയ്ക്കുന്നതിന് ദുബായ് പ്രതിജ്ഞാബദ്ധമായിരിക്കുകയാണെന്നും സിഇഒ വ്യക്തമാക്കി. ഇതുവഴി പരിസ്ഥിതി സംരക്ഷണം, പൊതുയാത്രാ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക തുടങ്ങിയ കാര്യങ്ങളും ലക്ഷ്യമിടുന്നു.