കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് തീരുന്നത് വരെ സിനിമയിൽ അഭിനയിക്കില്ലെന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അതിവേഗം ദിലീപ് ഡിങ്കൻ എന്ന ത്രീഡി സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുവാൻ നിർദ്ദേശം നൽകിയത്. അതീവ സുരക്ഷയോടെ യാണ് ചിത്രീകരണം നടക്കുന്നത്. ആലപ്പുഴയിലും എറണാകുളത്തും ഷൂട്ടിങ്ങ് പുരോഗമിക്കുന്നു സിനിമയുടെ ഒരു ചിത്രങ്ങൾ പോലും പുറത്ത് പോകരുതെന്നും കർശന നിർദ്ദേശമുണ്ട്. സെറ്റിലേക്ക് ദിലീപ് പോകുന്നത് പോലും പകർത്താൻ ആർക്കും കഴിയില്ല. നേരത്തെ ജയിലിൽ നിന്ന് ദിലീപ് അഭിനയിക്കാനെത്തിയത് കമ്മാരസംഭവത്തിന്റെ സെറ്റിലായിരുന്നു. ഇവിടേയും ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങൾ പുറത്തുവിട്ടില്ല.

കമ്മാരസംഭവം ചെന്നൈയിലായിരുന്നു ഷൂട്ടിങ് നടന്നതെന്നാണ് സൂചന. എന്നാൽ ഡിങ്കൻ നടക്കുന്നത് കേരളത്തിലാണ്. ആദ്യ ഷെഡ്യൂൾ ദിലീപ് ജയിലിൽ പോകുന്നതിന് മുമ്പ് നടന്നിരുന്നു. തിരുവനന്തപുരത്ത് അന്ന് നടന്ന ഷൂട്ടിംഗിൽ ഫോട്ടോ പിടിത്തം അനുവദിച്ചിരുന്നു. പക്ഷേ രണ്ടാം ഷെഡ്യൂളിലേക്ക് കാര്യങ്ങളെത്തുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. എറണാകുളം കങ്ങരപ്പടിയിലെ നവോദയ സ്റ്റുഡിയോയിലെത്തിയത്. സ്റ്റുഡിയോയുടെ മുൻവശത്തെ ഗേറ്റിൽ കനത്ത സെക്യൂരിറ്റി ചെക്കിങ്ങാണ്. അതിനാൽ പിൻവശത്തെ ഗേറ്റ് വഴി അകത്ത് കടന്നു.

ഉച്ച ഭക്ഷണ സമയമായതിനാൽ എല്ലാ പ്രവർത്തകരും പുറത്ത് നിൽപ്പുണ്ടായിരുന്നു. ഫോണിൽ സംസാരിച്ച് ദിലീപ് വിശ്രമിക്കുന്ന കാരവന് സമീപം ആർക്കും പ്രവേശനമില്ല. അവിടേക്ക് ഏറെ പാടുപെട്ടാണ് ലേഖകൻ എത്തിയത്. ആർക്കും സംശയം തോന്നാത്ത വിധം അവിടെ കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നു. ഇതിനിടയിൽ ഒരു സംഘം എന്നെ വീക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇതോടെ ഒരു പന്തികേട് മണത്തു. നിമിഷങ്ങൾക്കുള്ളിൽ ഒരു ആജാനുവാഹുവായ ചെറുപ്പക്കാരൻ എന്റെ അരികിലെത്തി. ആരെ കാണാൻ വന്നതാണ് എന്ന് ചോദിച്ചു. ഒരു സുഹൃത്തിനൊപ്പം വന്നതാണെന്നും ഷൂട്ടിങ്ങ് നടക്കുന്നത് അറിഞ്ഞ് എത്തിയതാണെന്നും മറുപടി പറഞ്ഞു.

ഏട്ടനെ കാണാൻ പറ്റില്ല അതുകൊണ്ട് ഇവിടെ നിന്നും പോകണമെന്നായിരുന്നു അയാളുടെ നിർദ്ദേശം. കാരവനിൽ നിന്നും പുറത്തിറങ്ങി ഷൂട്ടിങ്ങ് നടക്കുന്ന നവോദയ സ്റ്റുഡിയോയ്ക്കുള്ളിലേക്ക് കയറുമ്പോൾ കാണാൻ വേണ്ടിയാണ് നിൽക്കുന്നത് എന്ന് പറഞ്ഞപ്പോൾ മുഖം മറച്ചാണ് ഇറങ്ങുന്നതെന്ന് പറഞ്ഞു. അയാളുടെ നിർദ്ദേശ പ്രകാരം അൽപ്പം മാറി നിന്നു. ഈ സമയം എന്റെ അടുത്തേക്ക് വന്നയാൾ കാരവനുള്ളിലേക്ക് കയറിപോയി. കുറച്ചു നിമിഷങ്ങൾകൂടി ദിലീപ് വാനിൽ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഞാൻ അവിടെ നിന്നു. എന്നെ വന്ന് ചോദ്യം ചെയ്ത ആൾ കാരവനിൽ നിന്നിറങ്ങുന്നത് കണ്ടു. പതിയെ അയാൾക്കടുത്തെത്തി ചോദിച്ചു നിങ്ങൾ സെക്യൂരിറ്റി ആണോ?.

'അതേ ദിലീപേട്ടന്റെ പേഴ്സണൽ സെക്യൂരിറ്റിയാ.'
'ഓ.. കേസുള്ളതു കൊണ്ടാണോ സെക്യൂരിറ്റി സംവിധാനം?'
അപ്പോൾ അയാൾ തലയാട്ടി
'നിങ്ങൾ ഏത് ഏജൻസിയാ?'
'ഞങ്ങൾക്ക് ഏജൻസിയൊന്നുമില്ല. ചേട്ടൻ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല. പുള്ളിയെ കാണാൻ പറ്റില്ല.'
ഇത്രയും പറഞ്ഞിട്ട് ഇവിടെ നിന്ന് മാറി നിൽക്ക് അല്ലെങ്കിൽ എനിക്ക് വഴക്ക് കേൾക്കു എന്ന് പറഞ്ഞ് വീണ്ടും കാരവനിലേക്ക് കയറി.
പരിസരം വീക്ഷിച്ച് ഞാൻ നിന്നു. എവിടെയും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകൾ.
ദാ വരുന്നു വീണ്ടും നമ്മുടെ സെക്യൂരിറ്റി.
'ചേട്ടനോടാരാ പറഞ്ഞത് ഇവിടെ ഷൂട്ടിങ്ങ് ഉണ്ടെന്ന്?'
'അത് ഞാൻ അടുത്ത ജംഗ്ഷനിലെ ഹോട്ടലിൽ നിന്ന് അറിഞ്ഞതാ'
മുൻപ് സംസാരിച്ചതിൽ നിന്നും പരുഷമായി 'എന്നാൽ ചേട്ടൻ പൊയ്ക്കോ ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞു'.

ഈ സമയം അയാളുടെ ഫോൺ ശബ്ദിച്ചു. തിരിച്ച് മറുപടി പറയുന്നത് അവ്യക്തമായി കേട്ടു 'പോയിട്ടില്ല പറഞ്ഞിട്ടിറങ്ങിയാൽ മതി '. ഇതോടെ അവിടെ നിന്നാൽ ഇനി തടി കേടാകുമെന്ന് മനസിലായതോടെ പതുക്കെ പുറത്തേക്കിറങ്ങി. എന്തിനാവും ഇയാൾക്ക് ഇത്ര സുരക്ഷ എന്ന് ചിന്തിച്ചു. അടുത്ത ദിവസം രാവിലെ ഗോകുലം പാർക്കിലെ കൺവെൻഷൻ സെന്ററിൽ പത്ര സമ്മേളനത്തിന്റെ ഷൂട്ടിങ്ങി നടക്കുന്നുണ്ടായിരുന്നു. അതും നടന്നില്ല. ആരെയാണ് ദിലീപ് ഇത്ര ഭയക്കുന്നത് എന്ന ചോദ്യം സിനിമാ മേഖലയിൽ തന്നെ സജീവമാണ്.

സിനിമ പൂർത്തിയാകുന്നതിന് മുൻപ് ഏതെങ്കിലും ഭാഗങ്ങൾ പുറത്ത് പോയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ലെന്നും മുടക്കിയ പണം വെള്ളത്തിലാവും എന്നുമാണ് ചിത്രത്തിന്റെ പ്രൊഡ്യൂസറോട് ദിലീപ് പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അധോലോക സംഘത്തിന്റെ താവളത്തിൽ ചെന്നാൽ എങ്ങനെയായിരിക്കും അത് പോലെയായിരുന്നു ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തുന്ന പുറത്തുനിന്നുള്ളവർക്കുണ്ടാകുന്ന അനുഭവം.

അകത്ത് കടക്കുന്ന ആരുടെയും മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കാൻ അനുമതിയില്ല. ലൊക്കേഷനുകൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതെല്ലാം എന്തിനാണെന്നതിന് ആർക്കും ഉത്തരമില്ല.